ബെംഗളൂരു: കന്നഡ സിനിമയിലെ മുൻനിര നായകനടൻ ദർശൻ തൂഗുദീപ ഉൾപ്പെട്ട കൊലക്കേസിൽ ദർശന്റെ സുഹൃത്തായ പവിത്ര ഗൗഡയെ ഒന്നാംപ്രതിയാക്കി. രണ്ടാംപ്രതിയാണ് ദർശൻ. പവിത്ര ഗൗഡയുടെ നിർദേശപ്രകാരമാണ് ചിത്രദുർഗ സ്വദേശി രേണുകാസ്വാമിയെ(33) കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ദർശനും കൂട്ടാളികളുംചേർന്ന് രേണുകാസ്വാമിയെ ബെംഗളൂരുവിലെത്തിച്ച് ക്രൂരമർദനത്തിനിരയാക്കി കൊലപ്പെടുത്തുകയായിരുന്നെന്നും പോലീസ് പറഞ്ഞു. കേസിൽ ഒരു സ്ത്രീയുൾപ്പെടെ നാലുപേരെക്കൂടി പിടികൂടാനുണ്ടെന്ന് പോലീസ് അറിയിച്ചു. ഇവർ ഒളിവിലാണ്.
നടിയും ഫാഷൻ ഡിസൈനറുമായ പവിത്ര ഗൗഡ ദർശനുമായി പത്തുവർഷമായി ബന്ധം പുലർത്തിവരുന്നതായി പോലീസ് പറഞ്ഞു. ഇവർക്ക് ഭർത്താവും മകളുമുണ്ട്. കഴിഞ്ഞ ജനുവരിയിൽ പവിത്ര ഗൗഡ മകളുടെ വിവാഹത്തോടനുബന്ധിച്ച് ‘ചലഞ്ചിങ് സ്റ്റാർ എന്നറിയപ്പെടുന്ന ദർശനുമായി പത്തുവർഷത്തെ ബന്ധം’ എന്നപേരിൽ ദർശനുമായുള്ള ബന്ധം വെളിപ്പെടുത്തി ഇൻസ്റ്റഗ്രാമിൽ റീൽ പോസ്റ്റുചെയ്തിരുന്നു. ഇതിനെ വിമർശിച്ച് ദർശന്റെ ഭാര്യ വിജയലക്ഷ്മി, പവിത്രയും അവരുടെ ഭർത്താവുമൊത്തുളള ചിത്രങ്ങൾ സാമൂഹികമാധ്യമത്തിൽ പോസ്റ്റുചെയ്തു. ഇതോടെ പവിത്രയ്ക്കുനേരേയുള്ള ദർശന്റെ ആരാധകരുടെ ക്ഷോഭം സാമൂഹികമാധ്യമത്തിൽ നിറഞ്ഞു. തുടർന്ന് ചിത്രദുർഗ വെങ്കടേശ്വര ലേ ഔട്ട് സ്വദേശിയും ദർശന്റെ കടുത്ത ആരാധകനുമായ രേണുകാസ്വാമി പവിത്രയെക്കുറിച്ച് സാമൂഹികമാധ്യമത്തിൽ മോശം കമന്റിട്ടു. പവിത്ര, ദർശനെയും ഭാര്യ വിജയലക്ഷ്മിയെയും അകറ്റുന്നെന്നാരോപിച്ചായിരുന്നു ഇത്. പവിത്രയെക്കുറിച്ച് രേണുകാസ്വാമിയുടെ മോശം കമന്റുകൾ നിരന്തരം വരാൻതുടങ്ങിയതോടെ ഇവരെ വകവരുത്താൻ പവിത്ര തീരുമാനിക്കുകയായിരുന്നെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.