കൊച്ചി: സംസ്ഥാനത്ത് ജനജീവിതം ദുസ്സഹമാക്കി കൊണ്ട് പച്ചക്കറി വില കുതിച്ചുയരുന്നു. തക്കാളിയുടെ വില നൂറ് രൂപ തൊട്ടിരിക്കുകയാണ് ഇപ്പോള്‍.
മറ്റ് പച്ചക്കറികള്‍ക്കും വില ഉയർന്നിട്ടുണ്ട്. ഒരിടവേളയ്ക്ക് ശേഷമാണ് തക്കാളി വില സെഞ്ച്വറി കടന്നത്. എറണാകുളം ജില്ലയിലാണ് തക്കാളിയുടെ വില നൂറു രൂപ കടന്നത്. കോഴിക്കോട് ജില്ലയില്‍ 82 രൂപയാണ് ഇന്ന് തക്കാളി വില.
ഹോർട്ടികോർപിന്റെ കൊച്ചിയിലെ സ്റ്റാളില്‍ പൊതുവിപണിയേക്കാള്‍ വിലക്കൂടുതലാണ്, കൊച്ചിയിലെ വിലനിലവാരം വെച്ചു നോക്കുമ്ബോള്‍ തിരുവനന്തപുരത്തെ ഹോർട്ടികോർപ്പിന്റെ സ്റ്റാളില്‍ അല്‍പ്പം ഭേദപ്പെട്ട നിലയാണ് തക്കാളി വിലയുള്ളത്. കൊച്ചിയില്‍ തക്കാളിക്ക് 105 രൂപയാണെങ്കില്‍ തിരുവനന്തപുരത്തെ സ്റ്റാളില്‍ 80 രൂപയാണ് വില.
തക്കാളിക്ക് പുറമെ മറ്റ് പച്ചക്കറികള്‍ക്കും വില കുതിച്ചുയരുകയാണ്. ഇഞ്ചിക്ക് കിലോ 240 രൂപയാണ് എറണാകുളത്തെ നിരക്ക്. കോഴിക്കോട് അത്രയില്ലെങ്കിലും ഇരുനൂറു തൊടാറായി. പെട്ടെന്ന് വലിയ രീതിയില്‍ വില ഉയർന്നവയുടെ കൂട്ടത്തില്‍ പയറുമുണ്ട്. കഴിഞ്ഞ ദിവസം വരെ വെറും 30 രൂപ വില ഉണ്ടായിരുന്ന പയർ ഇപ്പോള്‍ 80 കടന്നു.
മറ്റ് പച്ചക്കറികളുടെ കാര്യത്തിലും ആശ്വസിക്കാൻ വകയില്ല. വിപണിയില്‍ 25 രൂപയുണ്ടായിരുന്ന വഴുതനങ്ങയുടെ വില ഇപ്പോള്‍ 40ലെത്തി. 15 രൂപയായിരുന്ന പടവലത്തിന്റെ വില 25 ആയും ഉയര്‍ന്നിട്ടുണ്ട്. 40 രൂപ ആയിരുന്ന കടച്ചക്കയുടെ വില 60ലേക്ക് കടന്നു. മലയാളിയുടെ പ്രധാന വിഭവമായ വെണ്ടയുടെ വില 25ല്‍ നിന്നും 45 രൂപയിലേക്കും ഉയർന്നിട്ടുണ്ട്.
കൂടാതെ ഉള്ളി, ബീൻസ് അടക്കം മറ്റ് പച്ചക്കറികള്‍ക്കും 5 മുതല്‍ 10 രൂപ വരെ വില ഉയർന്നുവന്നതാണ് നിലവിലെ സ്ഥിതി വിശേഷം. പച്ചക്കറികള്‍ക്ക് പുറമെ പലവ്യഞ്ജനങ്ങളുടെയും ധാന്യങ്ങളുടെയും വിലയും കുതിക്കുകയാണ്. തുവരപരിപ്പ് – 190 രൂപ, ചെറുപയർ – 150, വൻപയർ – 110, ഉഴുന്ന് പരിപ്പ് – 150, ഗ്രീൻപീസ് – 110, കടല – 125 എന്നിങ്ങനെയാണ് നിലവില്‍ വിപണിയിലെ മറ്റ് ഭക്ഷ്യ വസ്തുക്കളുടെ നിലവാരം.
തമിഴ്നാട്ടിലെ പച്ചക്കറി ഉല്പാദനം ഗണ്യമായി കുറഞ്ഞതാണ് വില കുത്തനെ ഉയരാന്‍ കാരണമായി ചൂണ്ടിക്കാണിക്കുന്നത്. മഴ കുറഞ്ഞതിനാല്‍ തമിഴ്നാട്ടിലെ പച്ചക്കറി ഉല്‍പ്പാദനത്തില്‍ കാര്യമായ ഇടിവാണ് ഇക്കുറി ഉണ്ടായത്. കേരളത്തിലേക്ക് ഏറ്റവും കൂടുതല്‍ പച്ചക്കറി എത്തുന്നതും അയല്‍ സംസ്ഥാനമായ തമിഴ്നാട്ടില്‍ നിന്നാണ് എന്നത് തിരിച്ചടിയുടെ ആഘാതം വർധിപ്പിക്കുന്നു.
കൂടാതെ മീൻവിലയും വളരെ ഉയർന്ന നിലയിലാണ് ഇപ്പോഴുള്ളത്. ട്രോളിങ് നിരോധനവും കാലാവസ്ഥാ വ്യതിയാനവും അടക്കമുള്ള കാരണങ്ങള്‍ നിരത്തിയാണ് വിദഗ്ധർ ഇതിനെ പ്രതിരോധിക്കുന്നത്. സംസ്ഥാനത്ത് പലയിടത്തും മത്തിയുടെ വില നാനൂറ് കടന്നിരുന്നു. കൂടാതെ അയല ഉള്‍പ്പെടെയുള്ള മറ്റ് മത്സ്യങ്ങള്‍ക്കും വില വൻതോതില്‍ ഉയർന്നിട്ടുണ്ട്. കോഴിയിറച്ചിയുടെ വിലയും ഇരുനൂറിന് മുകളിലാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.