കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കേരളത്തിൽ ഒരു മരണം കൂടി സ്ഥിരീകരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ മരിച്ച കണ്ണൂര്‍ തോട്ടടയിലെ രാഗേഷ് ബാബുവിന്റേയും ധന്യ രാഘേഷിന്റേയും മകള്‍ ദക്ഷിണ (13) യ്ക്കാണ് രോഗം സ്ഥിരീകരിച്ചത്.ജൂണ്‍ 12-ന് ആണ് കുട്ടി മരിച്ചത്.
അത്യപൂർവമായ അമീബയാണ് മരണകാരണമെന്നായിരുന്നു പരിശോധനാ ഫലം. തലവേദനയും ഛർദ്ദിയും കാരണം കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിലാണ് കുട്ടി ആദ്യം ചികിത്സ തേടിയത്. പിന്നീട് ആരോഗ്യനില വഷളായതിനെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സ്‌കൂളിൽ നിന്ന് മൂന്നാറിലേക്ക് പഠനയാത്രയ്‌ക്ക് പോയപ്പോൾ കുട്ടി കുളത്തിൽ കുളിച്ചിരുന്നു. ഇതാണ് അണുബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
സുഷുമ്‌നാ ദ്രാവകത്തിൻ്റെ പരിശോധനയിൽ അമീബിക് ട്രോഫോ സോയിഡ്‌സ് കാണുകയും കുട്ടിക്ക് അമീബിക് മെനിന്‍ഞ്ചോ എന്‍കഫലൈറ്റസ് എന്ന രോഗത്തിന് ആറ് മരുന്നുകൾ നൽകുകയും ചെയ്തു. എന്നാൽ നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ട അമീബിക് മെനിഞ്ചൈറ്റിസ് ഇതിൽ നിന്ന് വ്യത്യസ്തമായതിനാൽ ഏത് അമീബിക് ഇനമാണെന്ന് കണ്ടെത്താനുള്ള പരിശോധനകൾ നടത്തിയതായി കുട്ടിയെ ചികിത്സിച്ച കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ കൺസൾട്ടൻ്റ് പീഡിയാട്രിക് ഇൻ്റൻസിവിസ്റ്റ് ഡോ.അബ്ദുൽ റൗഫ് പറഞ്ഞു. ലോകത്ത് തന്നെ ഈ കേസ് അപൂർവമായതിനാൽ രോഗാണുക്കളുടെ ഇൻകുബേഷൻ പിരീഡ് ഉൾപ്പെടെയുള്ള ഘടകങ്ങൾ കണ്ടെത്താൻ വിദഗ്ധ പഠനം ആവശ്യമാണെന്ന് ഡോക്ടർ അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.