ചേര്‍ത്തല: ഷെയർ മാർക്കറ്റ് വഴി വൻ ലാഭം വാഗ്ദാനം ചെയ്ത് ചേര്‍ത്തലയിലെ ഡോക്ടര്‍ ദമ്പതിമാരില്‍ നിന്ന് 7.65 കോടി രൂപ തട്ടിയെടുത്ത സംഘത്തിലെ മൂന്ന് പേരെ ചേര്‍ത്തല പോലീസ് പിടികൂടി. ആലപ്പുഴ മെഡിക്കൽ കോളേജിലെ കാർഡിയോളജി വിഭാഗം ഡോക്ടർ ചേർത്തല സ്വദേശി ഡോ. വിനയകുമാറിന്‍റെയും ഭാര്യ ത്വക്ക് രോഗ വിദഗ്ധനുമായ ഡോ. ഐഷയുടെയും അക്കൗണ്ടിൽ നിന്നുമാണ് പണം അപഹരിച്ചത്.
കോഴിക്കോട് കൊടുവള്ളി കൊടകുന്നുമ്മേല്‍ കുന്നയേര്‍ വീട്ടില്‍ മുഹമ്മദ് അനസ് (25), കോഴിക്കോട് ഓമശ്ശേരി പുത്തൂര്‍ ഉള്ളാട്ടന്‍പ്രായില്‍ പ്രവീഷ് (35), കോഴിക്കോട് കോര്‍പറേഷന്‍ ചേവായൂര്‍ ഈസ്റ്റ് വാലി അപ്പാര്‍ട്ട്‌മെന്‍റ് അബ്ദുല്‍ സമദ് (39) എന്നിവരെയാണ് ചേര്‍ത്തല സ്‌റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ജി. പ്രൈജുവിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
ഇവരിൽ നിന്ന് 20 ലക്ഷം രൂപ കണ്ടെടുത്തു. തട്ടിപ്പുമായി ബന്ധപ്പെട്ട് പിടിയിലായ ഒരാളുടെ രണ്ട് സഹോദരിമാരെയും ഉടൻ അറസ്റ്റ് ചെയ്യുമെന്ന് ചേർത്തല ഡി.വൈ.എസ്.പി.എസ്. ഷാജി പറഞ്ഞു. സംഭവവുമായി നേരിട്ട് ബന്ധമുള്ള രണ്ട് മലയാളി സ്ത്രീകളടക്കം നാല് പേർ പോലീസ് നിരീക്ഷണത്തിലാണ്.
സംഘത്തിലെ പ്രധാനികളെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. നിരവധി പേർ ഓൺലൈൻ തട്ടിപ്പിന് ഇരയാകുന്ന ഇത്തരം സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പോലീസ് അറിയിച്ചു. ചാരിറ്റി പ്രവർത്തനങ്ങൾക്ക് ഫണ്ട് സ്വരൂപിക്കുക, നിങ്ങള്‍ക്ക് ഒരു സമ്മാനം കിട്ടി എന്നുള്ള സന്ദേശം, ടാസ്ക് നല്‍കിയുള്ള സന്ദേശം എന്നിവയൊക്കെയാണ് തട്ടിപ്പ് നടത്തുന്നതിനുള്ള ആദ്യ സന്ദേശമെന്നും ഡിവൈ.എസ്.പി പറഞ്ഞു. സംശയകരമായ സാഹചര്യമുണ്ടായാല്‍ പൊലീസുമായി ബന്ധപ്പെടണം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.