കോഴിക്കോട്: റെയിൽവെ സ്റ്റേഷൻ പരിസരത്ത് വൻ ലഹരിമരുന്ന് വേട്ട. 981 ഗ്രാം എംഡിഎംഎയുമായി വയനാട് വെള്ളമുണ്ട സ്വദേശി ഇസ്മായിൽ (27) ആണ് ഇന്ന് രാവിലെ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നര്‍കോട്ടിക് സപെഷല്‍ സ്‌ക്വാഡിന്റെ പിടിയിലായത്. ദില്ലിയില്‍ നിന്നും കൊണ്ടുവന്ന എംഡിഎംഎ കോഴിക്കോട്ടെ വിവിധ കേന്ദ്രങ്ങളിലെത്തിച്ച് വിതരണം ചെയ്യുകയായിരുന്നു ലക്ഷ്യം.
പുലർച്ചെ മൂന്നരയ്ക്ക് എത്തുന്ന മംഗള–നിസാമുദ്ദീൻ ട്രെയിനിൽ ഡൽഹിയിൽ നിന്നാണ് ഇയാൾ എത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്. വിപണിയിൽ അരക്കോടിയിലധികം രൂപ വില വരുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. കോഴിക്കോട് ജില്ലയിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ടയാണ് എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡും എക്സൈസ് ഇന്റലിഡന്‍സ് വിഭാഗവും ചേര്‍ന്ന് റെയില്‍ സ്റ്റേഷനില്‍ നടത്തിയത്. കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും എക്സൈസ് അറിയിച്ചു. അറസ്റ്റിലായ യുവാവിനെതിരെ മറ്റു കേസുകളൊന്നുമില്ല. പിന്നിലുള്ളവരെ കണ്ടെത്താന്‍ വിശദമായ ചോദ്യം ചെയ്യല്‍ നടക്കുകയാണ്.
ദില്ലിയില്‍ നിന്നും കഴിഞ്ഞ മാസം മുപ്പതാം തിയ്യതി ഒരു ആഫ്രിക്കക്കാരനില്‍ നിന്നാണ് ഇയാള്‍ ഇത് വാങ്ങിയതെന്നാണ് എക്സൈസ് പറയുന്നത്. ജില്ലയിലെ കൊയിലാണ്ടി, വടകര പോലുള്ള മേഖലയില്‍ വിതരണം നടത്തുകയായിരുന്നു ലക്ഷ്യം. യുവാക്കളെയും വിദ്യാര്‍ത്ഥികളെയുമാണ് ഉന്നം വെച്ചിരുന്നത്. ഇത്രയും കൂടിയ അളവില്‍ ഉള്ളത് കൊണ്ട് തന്നെ വലിയ ശൃംഖല ഇതിന് പിന്നിലുണ്ടെന്ന് സംശയിക്കുന്നെന്ന് എക്സൈസ് വിഭാഗം അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.