മുക്കം: കനത്ത മഴയിൽ എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയോരത്ത് പെട്രോൾ പമ്പിനായി എടുത്ത കുന്ന് ഇടിഞ്ഞുവീണു.
സംഭവത്തിൽ സമീപവാസികൾ ആശങ്കയിലാണ്. എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയിൽ കാരശ്ശേരി കറുത്തപറമ്പിൽ കഴിഞ്ഞ ദിവസം വൈകിട്ട് നാലോടെയാണ് കുന്ന് ഇടിഞ്ഞത്. കറുത്തപറമ്പ് അങ്ങാടിക്കും സംസ്ഥാന പാതയിലെ യാത്രക്കാര്‍ക്കും കുന്നിൻ താഴ്‌വാരത്തെ വീടുകള്‍ക്കും നിലവിലെ സാഹചര്യം ഭീഷണിയാണെന്ന് നാട്ടുകാര്‍ പറയുന്നു.
നേരത്തെ പെട്രോൾ പമ്പ് നിർമാണത്തിന് അനുവദിച്ചതിലും കൂടുതൽ മണ്ണ് ഇവിടെനിന്ന് എടുത്തിരുന്നു. പിന്നീട് പരാതിയെ തുടർന്ന് റവന്യൂ, ജിയോളജി ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് സ്റ്റോപ്പ് മെമ്മോ നൽകി. എന്നാൽ കൂടുതൽ മണ്ണെടുക്കുന്നതിന് ഉടമകൾ പിഴയടച്ച് പണി പുനരാരംഭിച്ചു. കഴിഞ്ഞ വർഷം പമ്പിനുള്ള ഷെഡിൻ്റെ പണി പൂർത്തിയായപ്പോൾ കനത്ത മഴയിൽ കുന്നിടിഞ്ഞ് ഷെഡ് പൂർണമായും തകർന്നിരുന്നു. പിന്നീട് നിർമാണം നിർത്തിയെങ്കിലും രണ്ടുമാസം മുമ്പ് ഇരുമ്പ് വല ഉപയോഗിച്ച് സംരക്ഷണഭിത്തി നിർമാണം തുടങ്ങിയിരുന്നു. പണി നടക്കുന്നതിനിടെയാണ് ഇന്ന് വീണ്ടും മണ്ണിടിഞ്ഞത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.