കൊച്ചി: യുഎഇ കോൺസുലേറ്റ് വഴി ഖുറാൻ വിതരണം ചെയ്ത കേസിൽ കസ്റ്റംസ് മന്ത്രി കെ ടി ജലീലിനെ ഇന്ന് ചോദ്യം ചെയ്യും. യുഎഇ കോൺസുലേറ്റ് വഴി കൊണ്ടുവന്ന ഖുറാൻ, മന്ത്രി കെ ടി ജലീൽ വിതരണം ചെയ്തതില്‍ നിരവധി ക്രമക്കേടുകളുണ്ടെന്ന് കസ്റ്റംസ് ആരോപിക്കുന്നു. കോൺസുലേറ്റിന്റെ ഉപയോഗത്തിനായി യാതൊരു നികുതിയുമില്ലാതെയാണ് ഖുർആൻ കൊണ്ടുവന്നത്. ഇത് പുറത്ത് വിതരണം ചെയ്തതിലൂടെ നികുതി ഇളവിനുള്ള അര്‍ഹത നഷ്ടപ്പെട്ടു.
നിയമപ്രകാരം മന്ത്രിമാർക്ക് നയതന്ത്ര പ്രതിനിധികളുമായി നേരിട്ട് ബന്ധപ്പെടാൻ അനുവാദമില്ല. വിദേശകാര്യ മന്ത്രാലയം വഴിയേ ആശയവിനിമയം അനുവദിച്ചിട്ടുള്ളൂ. കേന്ദ്രസർക്കാരിന്റെ മുൻകൂർ അനുമതി തേടണം. ഇതെല്ലാം ലംഘിച്ചു. വിദേശ സംഭാവന നിയന്ത്രണ നിയമങ്ങളുടെ ലംഘനവുമുണ്ട്. ഈ സാഹചര്യത്തിലാണ് വിശദമായ ചോദ്യം ചെയ്യലിനായി കൊച്ചിയിൽ ഹാജരാകാൻ കസ്റ്റംസ് ജലീലിന് നോട്ടീസ് നൽകിയത്.
അതേസമയം, ഡോളർ കടത്ത് കേസിൽ യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥനായിരുന്ന ഈജിപ്ഷ്യൻ പൗരനായ ഖാലിദിനെ പ്രതി ചേർക്കണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് സമർപ്പിച്ച ഹർജിയിൽ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള കൊച്ചിയിലെ കോടതി ഇന്ന് പരിഗണിക്കും. സ്വർണ്ണക്കടത്ത് കേസിലും ലൈഫ് മിഷൻ ഇടപാടിലും കമ്മീഷന് ലഭിച്ച തുക ഡോളറിലാണ് വിദേശത്ത് കടത്തിയതെന്ന് കണ്ടെത്തി.
കോൺസുലേറ്റ് ജോലിക്കാരനായതിനാൽ നയതന്ത്ര സംരക്ഷണം അദ്ദേഹത്തിന് ബാധകമല്ലേ എന്ന് കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. ഇക്കാര്യത്തിൽ കസ്റ്റംസ് ഇന്ന് മറുപടി നൽകും. ഖാലിദിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ഇന്റർപോൾ വഴി രാജ്യത്തേക്ക് കൊണ്ടുവരണമെന്നാണ് കസ്റ്റംസിന്‍റ ആവശ്യം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









