കോഴിക്കോട്: മായം കലർത്തിയ മത്സ്യവില്‍പ്പന തടയാൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന കർശനമാക്കിയതോടെ കഴിഞ്ഞ മൂന്നുമാസത്തിനിടെ ജില്ലയില്‍ പിടികൂടി നശിപ്പിച്ചത് 125 കിലോ മത്സ്യം.
‘ഓപ്പറേഷൻ മത്സ്യ’യുടെ ഭാഗമായി 196 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. ചീഞ്ഞതും ശരിയായ രീതിയില്‍ ഐസ് ഇടാതെ സൂക്ഷിച്ചതുമായ മത്സ്യമാണ് പിടികൂടിയത്. മാർക്കറ്റുകളിലും റെയില്‍വേ സ്റ്റേഷനിലും ഭക്ഷ്യ സുരക്ഷാ വിഭാഗവും കോർപ്പറേഷൻ ഹെല്‍ത്ത് വിഭാഗവും ഇന്നലെ നടത്തിയ പരിശോധനയില്‍ കേടായ 80 കിലോ എരന്തും 15 കിലോ ചൂരയും പിടികൂടി. ലൈസൻസ് ഇല്ലാതെയും ശരിയായി പാക്ക് ചെയ്യാതെയും കൊണ്ടുവന്ന എരന്താണ് പിടിച്ചെടുത്തത്. സെൻട്രല്‍ മാർക്കറ്റില്‍ വില്പനയ്ക്ക് എത്തിച്ച കേടായ ചൂരയാണ് നശിപ്പിച്ചത്.
ഭക്ഷ്യസുരക്ഷ അസി. കമ്മിഷണർ എ. സക്കീർ ഹുസൈന്റെയും കോർപ്പറേഷൻ ഹെല്‍ത്ത് ഓഫീസർ ഡോ. മുനവർ റഹുമാന്റെയും നേതൃത്വത്തിലാണ് പരിശോധന നടന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവന്ന മത്സ്യം മൊബൈല്‍ ലാബില്‍ പരിശോധന നടത്തിയെങ്കിലും രാസവസ്തുക്കളുടെ സാന്നിദ്ധ്യം കണ്ടെത്താനായില്ല. വ്യാപാരികള്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന മത്സ്യം കേടായതല്ലെന്ന് ഉറപ്പാക്കണമെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് അറിയിച്ചു.
ഒരു കിലോ മത്സ്യം കേടുവരാതെ സൂക്ഷിക്കാൻ ഒരു കിലോ ഐസ് വേണം. എന്നാല്‍ പലപ്പോഴും കുറഞ്ഞ അളവ് ഐസില്‍ കൂടുതല്‍ മത്സ്യം സൂക്ഷിക്കുന്ന സ്ഥിതിയാണ്. മാർക്കറ്റില്‍ നിന്ന് ചെറുകിട വ്യാപാരികളിലേക്ക് മത്സ്യം എത്തുമ്ബോഴാണ് ഐസ് ഇടാത്ത സ്ഥിതി വരുന്നത്. മത്സ്യവില്പന നടത്തുന്നവർ ഭക്ഷ്യസുരക്ഷ ലൈസൻസോ രജിസ്ട്രേഷനോ എടുക്കണമെന്നാണ് നിബന്ധന.
നശിപ്പിച്ച മീൻ
ചൂര, എരന്ത്, കിളിമീൻ, ചെമ്മീൻ
പരിശോധന ഇവിടങ്ങളില്‍
സെൻട്രല്‍ റെയില്‍വേ സ്റ്റേഷൻ, സെൻട്രല്‍ മാർക്കറ്റ്, വെളളയില്‍ ഹാർബർ മാർക്കറ്റ്, പുതിയാപ്പ ഹാർബർ മാർക്കറ്റ്
”ഇതര സംസ്ഥാനങ്ങളില്‍ നിന്ന് മത്സ്യം കൊണ്ടുവരുന്നവർ വാഹനത്തില്‍ ഭക്ഷ്യസുരക്ഷ ലൈസൻസ് സൂക്ഷിക്കണം. പരിശോധന വരും ദിവസങ്ങളിലും തുടരും. ലൈസൻസ് ഇല്ലാതെ മത്സ്യം കൊണ്ടുവരുന്ന വാഹനങ്ങള്‍ക്കെതിരെയും കേടായ മത്സ്യം കൊണ്ടു വരുന്നവർക്കെതിരെയും നിയമ നടപടി സ്വീകരിക്കും”- എ. സക്കീർ ഹുസൈൻ, ഭക്ഷ്യസുരക്ഷ അസി. കമ്മിഷണർ.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.