കോഴിക്കോട്: ട്രോളിംഗ് നിരോധനത്തിന് ശേഷം മത്സ്യവില കുതിച്ചുയരുന്നതിനിടെ തീരത്ത് പൊടുന്നനെയുണ്ടായ ചാകര സാധാരണക്കാർക്ക് ആശ്വാസമായി. പിന്നാലെ കുതിച്ചുയർന്ന മത്സ്യവില കുറഞ്ഞു. കിലോയ്ക്ക് 400 കടന്ന മത്തിക്ക് 200ല്‍ എത്തി. നത്തോലിക്ക് 50 മുതൽ 100 വരെയും കിളിമീൻ 160 വരെയും എത്തി. 300 രൂപ വിലയുണ്ടായിരുന്ന അയല 230 രൂപയായി. 1000ന് മുകളിലുണ്ടായിരുന്ന അയക്കൂറ 700 ആയി.
മത്തി, അയല, ചെമ്മീൻ, അയക്കൂറ, നത്തോലി തുടങ്ങിയ മീനുകളാണ് ജില്ലയിലെ ഹാർബറുകളില്‍ കൂടുതലെത്തുന്നത്. രണ്ട് മാസത്തെ ട്രോളിംഗ് നിരോധന കാലത്ത് ചെറുവള്ളങ്ങൾക്ക് മാത്രമാണ് മത്സ്യബന്ധനത്തിന് അനുമതി നൽകിയിരുന്നത്. ഈ സമയങ്ങളിൽ എത്തിച്ച മത്തിക്ക് 400 രൂപയിലധികം വിലയായത് സാധാരണക്കാർക്ക് തിരിച്ചടിയായി. മത്തിയുടെ ലഭ്യതക്കുറവും വില ഉയരാൻ കാരണമായി.
അമേരിക്കയിലേക്കും ജപ്പാനിലേക്കും കയറ്റുമതി കുറഞ്ഞതോടെ ചെമ്മീൻ വില അല്‍പ്പമുയർന്നത് മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസമായി. കഴിഞ്ഞ രണ്ട് ദിവസമായി ചെമ്മീൻ കിട്ടാത്തതോടെ വില ഉയർന്നിട്ടുണ്ട്.സാധാരണ കിലോയ്ക്ക് 300 രൂപ മുതല്‍ 400 രൂപ വരെ ലഭിച്ചിരുന്ന ചെമ്മീന് 90 ആയിരുന്നു. ഇതാണ് അല്‍പ്പം ഉയർന്ന് 100-110 ലേക്ക് കടന്നത്. ചെറിയ ചെമ്മീൻ വിഭാഗത്തിലുള്ള തെള്ളി ഉള്‍പ്പെടെ എല്ലാത്തരം ചെമ്മീനുകള്‍ക്കും വില ഇടിഞ്ഞ തോടെ കുറഞ്ഞ വിലയ്ക്ക് ചെമ്മീൻ വില്‍ക്കേണ്ട സാഹചര്യമാണ് കച്ചവടക്കാർക്കുണ്ടായത്.
അയല്‍സംസ്ഥാനങ്ങളില്‍ നിന്നുള്ള മീൻ വരവ് വർദ്ധിച്ചതോടെ മായം കലർന്നവയും മാർക്കറ്റുകളില്‍ സുലഭമാണ്. കൃത്യമായി ശീതീകരിക്കാത്തവയും വ്യാപകമായി രാസവസ്തുക്കള്‍ തളിക്കുന്നവയുമാണ്. ഇവ കഴിക്കുന്നത് മൂലം ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകും.ലോറികളില്‍ കൊണ്ടുവരുന്നതിന് പുറമേ ട്രെയിനിലും അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് മത്സ്യം കൊണ്ടുവരുന്നുണ്ടെന്നാണ് കണ്ടെത്തല്‍.
മീൻവില
മത്തി: 200- 250
ചെമ്മീൻ: 100- 110
അയല: 200- 250
അയക്കൂറ: 800- 700
നത്തോലി50- 100
കിളിമീൻ; 160
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.