മാവൂർ: ഇന്നലെയും ഇന്നുമായി പെയ്ത ശക്തമായ മഴയെ തുടർന്ന് മാവൂരിന്റെയും പരിസര പ്രദേശങ്ങളിലെയും വിവിധ ഭാഗങ്ങളിൽ വെള്ളംകയറി. ചാലിയാറിന്റെയും ചെറുപുഴയുടെയും ഇരുവഴിഞ്ഞിയുടെയും തീരങ്ങളിലാണ് വെള്ളം കയറിയത്.
കാച്ചേരിക്കുന്നിൽ മൂന്ന് വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ഇവിടെ നിന്നും ആളുകളെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. കച്ചേരിക്കുന്ന് സത്യൻ, പുലിയപ്പുറം ശ്രീധരൻ, പുലിയപ്പുറം അബ്ദുല്ലത്തീഫ് എന്നിവരുടെ കുടുംബങ്ങളാണ് മാറിതാമസിക്കേണ്ടി വന്നത്. കച്ചേരിക്കുന്നിൽ ദുരിതാശ്വാസക്യാമ്പ് ആരംഭിച്ചിട്ടുണ്ട്. കച്ചേരിക്കുന്ന് സാംസ്കാരിക നിലയത്തിലാണ് ക്യാമ്പ് ആരംഭിച്ചത്. സത്യന്റെ നാലംഗ കുടുംബത്തെ ക്യാമ്പിലേക്ക് മാറ്റി. പുലിയപ്പുറം ശ്രീധരൻ, പുലിയപ്പുറം അബ്ദുല്ലത്തീഫ് എന്നിവർ ബന്ധുവീടുകളിലേക്ക് താമസം മാറിയിട്ടുണ്ട്.
പലയിടത്തും റോഡുകളിൽ വെള്ളം കയറി. പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. ശക്തമായ മഴയെ തുടർന്ന് പുഴകളിൽ ജലനിരപ്പ് ഉയർന്നതാണ് വെള്ളം കയറാൻ കാരണം. മഴ ഇതുപോലെ തുടരുകയാണെങ്കിൽ കൂടുതൽ ഇടങ്ങളിൽ വെള്ളം കയറാൻ സാധ്യതയുണ്ട്. പലയിടങ്ങളിലും മരം മുറിഞ്ഞു വീണ് വൈദ്യുതിയും തടസ്സപ്പെട്ടു. തെങ്ങിലക്കടവ് ആയംകുളം റോഡ്, ചെറൂപ്പ കുറ്റിക്കടവ് റോഡ്, മാവൂർ പൈപ്പ് ലൈൻ റോഡ്, മാവൂർ കുന്നമംഗലം റോഡ്, മുഴാപ്പാലം എന്നിവിടങ്ങളിലെല്ലാം വെള്ളം കയറി.
ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ കൂളിമാട് പുൽപ്പറമ്പ് റോഡ്, പുൽപ്പറമ്പ് നായർക്കുഴി റോഡ് എന്നിവിടങ്ങളിലും വെള്ളംകയറിയിട്ടുണ്ട്. കൂളിമാട് പുൽപറമ്പ് റോഡിൽ കൂളിമാട് വയൽ ഭാഗത്ത് റോഡിന്റെ പാർശ്വഭിത്തി ഇടിഞ്ഞു.
സങ്കേതം റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് കുന്നമംഗലം പൊലീസിന്റെ നേതൃത്വത്തിൽ റോഡ് അടച്ചു. മഴ കനത്തതോടെ വെള്ളക്കെട്ടായി മാറിയ ഇവിടം സന്ദർശിക്കാൻ നിരവധി പേരാണ് ദിനേനെയെന്നോണം എത്തുന്നത്. ചെറിയ കുട്ടികൾ മുതൽ പ്രായമായവർ വരെ ഇവിടെ എത്തുന്നുണ്ട്. അപകട സാധ്യത മുന്നിൽ കണ്ടാണ് പൊലീസ് റോഡ് അടച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.