കോഴിക്കോട്: കുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കയം ജലസംഭരണയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 756.50 മീറ്ററില്‍ എത്തിനില്‍ക്കുന്ന സാഹചര്യത്തിലാണിത്. ഡാമിലെ അധികജലം തുറന്നുവിടുന്നതിന്റെ മുന്നോടിയായുള്ള രണ്ടാംഘട്ട മുന്നറിയിപ്പെന്ന രീതിയിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നതെന്ന് കെഎസ്ഇബി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.
ജില്ലയിലെ കടല്‍ക്ഷോഭമുണ്ടായ പ്രദേശങ്ങളില്‍ സുരക്ഷാ നടപടികള്‍ ശക്തമാക്കുന്നതിന് ആവശ്യമായ പ്രവൃത്തികള്‍ അടിയന്തരമായി തയ്യാറാക്കാന്‍ ഇറിഗേഷന്‍ വകുപ്പിന് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.
ജില്ലയിലെ ദേശീയപാതകളിലെ വെള്ളക്കെട്ടുകള്‍ പരിഹാരം കാണുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സ്ഥങ്ങള്‍ സന്ദര്‍ശിച്ച് കരാറുകള്‍ക്ക് അടിയന്തര നിര്‍ദ്ദേശം നല്‍കിയതായും ജില്ലാകലക്ടര്‍ അറിയിച്ചു.
ജില്ലയിലെ മഴക്കെടുതിയുമായി ബന്ധപ്പെട്ട് ജില്ലാകലക്ടറുടെ ചേംബറില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ അസിസ്റ്റന്റ് കലക്ടര്‍ ആയുഷ് ഗോയല്‍, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ എസ് സജീദ്, ഇറിഗേഷന്‍, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.