കോഴിക്കോട്: വര്‍ഷങ്ങളുടെ കാത്തിരുപ്പിന് ശേഷം കല്ലായിപ്പുഴ ആഴംകൂട്ടല്‍ യാഥാര്‍ഥ്യത്തിലേക്ക്. കല്ലായിപ്പുഴയിലെ കടുപ്പിനി മുതല്‍ കോതി വരെയുള്ള ഭാഗം ആഴം കൂട്ടാനായി 12 കോടി രൂപയുടെ ടെണ്ടറിന് അനുമതി നല്‍കി ജലവിഭവമന്ത്രി റോഷി അഗസ്‌റ്റിന്‍ ഉത്തരവിറക്കി.
കല്ലായിപ്പുഴ ഒഴുകുന്ന 4.2 കിലോമീറ്റര്‍ അകലത്തിലെ എക്കല്‍, ചെളി, മരത്തടികള്‍, മാലിന്യം എന്നിവ നീക്കം ചെയ്‌ത് പുഴയുടെ ഒഴുക്ക് വീണ്ടെടുക്കുകയാണ് ലക്ഷ്യം. കല്ലായിപ്പുഴയുടെ ആഴം കൂടുന്നതോടെ കോഴിക്കോട് നഗരത്തില്‍ അനുഭവിക്കുന്ന വെള്ളക്കെട്ടിന് വലിയൊരളവില്‍ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പലതവണ പല പദ്ധതികള്‍ കല്ലായിപ്പുഴയ്‌ക്കായി ആവിഷ്‌കരിച്ചെങ്കിലും സംസ്‌ഥാനത്തെ ഏറ്റവും വലിയ മാലിന്യ പുഴയായി കല്ലായിപ്പുഴ മാറിയെന്നല്ലാതെ ഒന്നു നടന്നില്ല. 2011 മുതല്‍ കല്ലായിപ്പുഴയുടെ ആഴംകൂട്ടി സ്വാഭാവിക ഒഴുക്ക് വീണ്ടെടുക്കാനായി പല പദ്ധതികള്‍ ആവിഷ്‌കരിച്ചിരുന്നു. കോഴിക്കോട് നഗരസഭ 7.9 കോടി രൂപ അനുവദിച്ച് അഞ്ച് തവണ ടെണ്ടര്‍ ക്ഷണിച്ചെങ്കിലും ആരും ഏറ്റെടുത്തിരുന്നില്ല. ഇതിനിടെ പലതരത്തിലുള്ള പ്രതിഷേധങ്ങളും നടന്നു.
ജൂലായ് മാസത്തില്‍ കോര്‍പ്പറേഷന്‍ അഞ്ച് കോടി രൂപ കൂടി അനുവദിച്ചു. കോഴിക്കോട് കോര്‍പ്പറേഷനും അഹമ്മദ് ദേവര്‍കോവില്‍ എം.എല്‍.എയും കല്ലായിപ്പുഴയുടെ പുനരുദ്ധാരണത്തിനായി തുടര്‍ച്ചയായി ഇടപ്പെട്ടുകൊണ്ടിരുന്നു. കോഴിക്കോട് നഗരത്തിലൂടെ ഒഴുകുന്ന കല്ലായിപ്പുഴ കോതിയില്‍ വെച്ചാണ് അറബികടലില്‍ ലയിക്കുന്നത്. കല്ലായിപ്പുഴയുടെ ഒഴുക്കി നിലച്ചിട്ട് വര്‍ഷങ്ങളായി. മുമ്ബ് വലിയ വെള്ളപൊക്കമുണ്ടായാല്‍ പോലും കല്ലായിപ്പുഴയിലൂടെ വെള്ളം പെട്ടെന്ന് ഒഴുകി കടലിലെത്തുമായിരുന്നു.
മാലിന്യവും ചെളിയും അടിഞ്ഞുകൂടിയതോടെ ദിവസങ്ങള്‍ കഴിഞ്ഞാണ് വെള്ളം കടലിലെത്തുന്നത്. ചെളിയും മാലിന്യവും നീക്കി ആഴം കൂട്ടുന്നതോടെ കല്ലായിപ്പുഴ പഴയതരത്തില്‍ ഒഴുകുമെന്നാണ് കരുതുന്നത്. ഇതോടെ കോഴിക്കോട് നഗരത്തില്‍ ചെറിയ മഴയില്‍ പോലുമുണ്ടാകുന്ന വെള്ളകെട്ടിന് പരിഹാരവുമാകും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.