കോഴിക്കോട്: കനത്ത മഴയിലും കാറ്റിലും കോഴിക്കോട് ജില്ലയിൽ വ്യാപക നാശനഷ്ടം. വിവിധയിടങ്ങളിൽ മരങ്ങൾ കടപുഴകി വീണും വൈദ്യുതത്തൂണുകൾ തകർന്നും മതിലുകൾ തകർന്നും അനിഷ്ടസംഭവങ്ങളുണ്ടായി. വൈദ്യുതി ലൈനുകളിൽ മരങ്ങൾ വീണ് പലയിടത്തും വൈദ്യുതി മുടങ്ങി. പലയിടത്തും മരങ്ങൾ റോഡിനു കുറുകെ വീണ് ഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു.
ഇന്ന് പുലർച്ചെ 1.30നും 10നും ഉച്ചകഴിഞ്ഞുമാണ് ശക്തമായ കാറ്റും മഴയും അനുഭവപ്പെട്ടത്. താമരശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ പുതിയോട്ടില്‍ കണ്ടന്‍പാറ ഭാഗത്തും, ചെമ്പയി ഭാഗത്തും ഇന്ന് പുലര്‍ച്ചെ ചുഴലിക്കാറ്റിന് സമാനമായ കാറ്റാണ് വീശിയടിച്ചത്. നാല് വീടുകൾക്ക് മുകളിലാണ് മരം വീണത്. തെങ്ങുകളും തേക്ക് മരങ്ങളും ഉൾപ്പെടെ നിരവധി മരങ്ങൾ കടപുഴകി വീണു. പലയിടത്തും ഭിത്തികളും വൈദ്യുതി ലൈനുകളും തകർന്നു. കെ പി വേലായുധന്‍, എം ഗംഗാധരന്‍ നായര്‍, കെ ടി സുരേഷ്, വളവില്‍ മമ്മി എന്നിവരുടെ വീടുകൾക്ക് മുകളിലാണ് മരം വീണത്. കെ ടി ബലരാമന്‍, അബ്ദുറഹ്‌മാന്‍ മാസ്റ്റര്‍ തുടങ്ങിയവരുടെ ചുറ്റുമതില്‍ തകര്‍ന്നു. താമരശ്ശേരി ചെമ്പായി ഹസ്സന്‍ കോയയുടെ വീടിനു മുകളില്‍ തെങ്ങ് വീണ് കേടുപാട് സംഭവിച്ചു. ശക്തമായ കാറ്റില്‍ മരം വീണ് ഇരൂട് പുന്നക്കല്‍ ബിജുവിന്റെ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു.
കട്ടാങ്ങല്‍, നീലേശ്വരം, ചെറൂപ്പ, കൂടരഞ്ഞി, താമരശ്ശേരി, മാവൂര്‍, ചേന്ദമംഗല്ലൂര്‍, പാഴൂര്‍, ചാത്തമംഗലം, മണാശ്ശേരി എന്നിവിടങ്ങളിലാണ് ഗതാഗതം തടസ്സപ്പെട്ടത്. താമരശ്ശേരി പോലീസ് സ്റ്റേഷൻ വളപ്പിൽ നിർത്തിയിട്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണു. ഉണ്ണികുളം പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ തെച്ചി എസ്റ്റേറ്റ് പാടിയില്‍ താമസിക്കുന്ന എന്‍ സി അബൂബക്കറിന്റെയും, കുന്നത്ത് പീടികയില്‍ നൗഷാദിന്റെയും വീടിന് മുകളിലേക്ക് തെങ്ങ്മുറിഞ്ഞു വീണ് വീട് പൂര്‍ണമായും തകര്‍ന്നു. അപകട സമയത്ത് ആരും വീട്ടില്‍ ഇല്ലാതിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവാകുകയായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.