ഫറോക്ക്: ഭക്ഷ്യധാന്യ വിതരണത്തിൽ തൂക്കത്തില്‍ കൃത്രിമം നടത്തിയെന്ന പരാതിയെ തുടർന്ന് ഭക്ഷ്യവകുപ്പ് റേഷൻ കട പൂട്ടി.
നാട്ടുകാരുടെ പരാതിയെ തുടർന്ന് വ്യാഴാഴ്ച പുറ്റെക്കാട്ട് അങ്ങാടിയിലെ റേഷൻ കടയാണ് ഭക്ഷ്യവകുപ്പ് പൂട്ടിച്ചത്. ബുധനാഴ്ച റേഷൻ കടയിൽ നിന്ന് വാങ്ങിയ കാർഡ് ഉടമയുടെ തൂക്കം ഒരു കിലോ കുറവാണെന്ന് പരാതി നൽകിയിരുന്നു. ഇത് കാർഡ് ഉടമ ചോദ്യം ചെയ്തപ്പോൾ ഓപ്പറേറ്റർ കടന്നു സംസാരിച്ചതായും പറയുന്നു. കഴിഞ്ഞ ഡിസംബർ 23ന് സമാനമായ സംഭവം നടന്നതായി കാർഡുടമകൾ പറഞ്ഞു. അന്ന് ഓപ്പറേറ്റർക്ക് മുന്നറിയിപ്പ് നൽകി വിട്ടയച്ചതായിരുന്നു.
കടയുടമക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച നാട്ടുകാർ കടയ്ക്ക് മുന്നിൽ ഉപരോധിച്ചു. തുടർന്ന് ഫറോക്ക് പോലീസ് സ്ഥലത്തെത്തി. താലൂക്ക് സപ്ലൈ ഓഫീസറുടെ നിർദേശപ്രകാരം റേഷനിങ് ഉദ്യോഗസ്ഥർ എത്തി കട അടപ്പിച്ചു.
തൂക്കക്കുറവ് സംബന്ധിച്ച് അന്വേഷണം നടത്തി വരികയാണെന്നും അതിനുശേഷം തുടർനടപടി സ്വീകരിക്കുമെന്നും താലൂക്ക് സപ്ലൈ ഓഫീസർ ജോജി സക്കറിയ അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.