കോഴിക്കോട്: ഭൂമിക്കടിയില്‍ നിന്ന് മുഴക്കവും വിറയലും അനുഭവപ്പെട്ടതിനൊപ്പം ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാദ്ധ്യതയും ജില്ലയെ ആശങ്കയിലാഴ്ത്തുന്നു.
ജില്ലയിലെ 21 വില്ലേജുകളില്‍പെട്ട 71 പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാദ്ധ്യതയുണ്ടെന്നാണ് നാഷണല്‍ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിന്റെ (എൻ.സി.ഇ.എസ്.എസ്) പഠനം.
ഭൂമിയുമായി ബന്ധപ്പെട്ട ശാസ്ത്രീയ പ്രശ്നങ്ങള്‍ പഠിക്കുന്ന ഗവേഷണ സ്ഥാപനമാണ് എൻ.സി.ഇ.എസ്.എസ്. കോഴിക്കോട് താലൂക്കില്‍ മൂന്ന് വില്ലേജുകളിലായി എട്ട്, കൊയിലാണ്ടി താലൂക്കില്‍ മൂന്ന് വില്ലേജുകളിലായി മൂന്ന്, താമരശ്ശേരി താലൂക്കില്‍ ഒമ്ബത് വില്ലേജുകളിലായി 31, വടകര താലൂക്കിലെ ഒമ്ബത് വില്ലേജിലെ 29 പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ഉയർന്ന, താഴ്ന്ന, മിത സാദ്ധ്യതകളുള്ള അപകടങ്ങളുണ്ടാകുമെന്ന് പഠനം. ഇതില്‍ കൂടുതല്‍ പ്രദേശങ്ങളും മലയോരമേഖലയിലുള്ളതാണ്.
പ്രശ്നം ക്വാറികളും ക്രഷറുകളും കൂടുതലുള്ള ഇടങ്ങളില്‍
ക്വാറികളും ക്രഷറുകളും കൂടുതലായുള്ള സ്ഥലങ്ങളിലാണ് അപകട സാദ്ധ്യത കൂടുതലെന്ന് പഠനം. 22 ഡിഗ്രിയില്‍ കൂടുതല്‍ ചരിവുള്ള മലകളില്‍ ഉരുള്‍പൊട്ടാൻ സാദ്ധ്യതയുണ്ടെന്നാണ് റവന്യു വിഭാഗത്തിന്റെ കണക്ക്. എന്നാല്‍ എൻ.സി.ഇ.എസ്.എസ് കണ്ടെത്തിയ പ്രദേശങ്ങള്‍ പലതും 72 ഡിഗ്രി വരെ ചെങ്കുത്തായ പ്രദേശങ്ങളാണ്. അതേ സമയം പഠന റിപ്പോർട്ട് പുറത്തുവന്ന ശേഷവും അപകട സാദ്ധ്യതയുള്ള ഇടങ്ങളില്‍ ക്വാറി, ക്രഷർ യൂണിറ്റുകള്‍, ടൂറിസം കേന്ദ്രങ്ങള്‍ എന്നിവ പ്രവർത്തിക്കുന്നുണ്ട്.
ആധിയായി തുരങ്കപാതയും
ചുരം കയറാതെ വയനാട്ടില്‍ വേഗമെത്തുക എന്ന ലക്ഷ്യത്തോടെ നിർമ്മിക്കുന്ന ആനക്കാംപൊയില്‍ – കള്ളാടി – മേപ്പാടി തുരങ്കപാതയ്ക്കായി തിരഞ്ഞെടുത്ത സ്ഥലം മറ്റൊരു ദുരന്തം ക്ഷണിച്ച് വരുത്തുമോ എന്ന ആധിയിലാണ് മലയോരം. തിരുവമ്ബാടി ആനക്കാംപൊയിലില്‍ നിന്നും ആരംഭിച്ച് വയനാട്ടിലെ മേപ്പാടിയിലാണ് തുരങ്കപാത അവസാനിക്കുന്നത്. വയനാട് ഉരുള്‍പൊട്ടലിന്റെ പ്രഭവ കേന്ദ്രമായ പുഞ്ചിരിമട്ടം വെള്ളോലിപ്പാറയിലെ മഴനിഴല്‍ക്കാടുകള്‍ വയനാടിനു പുറമേ കോഴിക്കോട്, മലപ്പുറം, ജില്ലകളുമായും അതിർത്തി പങ്കിടുന്നുണ്ട്. വെള്ളരിമലയുടെ ചെരിവായ ഈ മേഖല 10 മുതല്‍ 15 അടി വരെ വ്യാസത്തിലുള്ള ഉരുളൻ പാറകള്‍ നിറഞ്ഞ ഈ പ്രദേശമാണ്. തുരങ്കപാത കടന്നുപോകുന്നത് ഇതേ മലനിരകള്‍ക്ക് സമീപത്തൂടെയാണ്.
ദുരന്ത സാദ്ധ്യതയുള്ള പ്രദേശങ്ങള്‍
കോഴിക്കോട്
കൊടിയത്തൂർ ചീരൻകുന്ന്, മാങ്കുഴിപാലം, മൈസൂർ മല, കുമാരനല്ലൂർ കൊളക്കാടൻ മല, ഊരാളിക്കുന്ന്, പൈക്കാടൻ മല, തോട്ടക്കാട്, മടവൂരിലെ പാലോറമല.
കൊയിലാണ്ടി
ചക്കിട്ടപ്പാറ – താമ്ബാറ, കൂരാച്ചുണ്ട്, വാകയാട്.
താമരശ്ശേരി
കോടഞ്ചേരി- ചിപ്പിലിത്തോട്, വെന്തേക്കുപൊയില്‍, നൂറാംതോട്, ഉതിലാവ്, കാന്തലാട്ടെ 25ാം മൈല്‍, 26ാം മൈല്‍, ചീടിക്കുഴി, കരിമ്ബൊയില്‍, മാങ്കയം, കട്ടിപ്പാറയിലെ അമരാട്, ചമല്‍, കരിഞ്ചോലമല, മാവുവിലപൊയില്‍, കൂടരഞ്ഞി പുന്നക്കടവ്, ഉദയഗിരി, പനക്കച്ചാല്‍, കൂമ്ബാറ, ആനയോട്, കക്കാടംപൊയില്‍, കല്‍പിനി, ആനക്കാംപൊയില്‍, മുത്തപ്പൻപുഴ, കരിമ്ബ്, കണ്ണപ്പൻകുണ്ട്, മണല്‍ വയല്‍, കാക്കവയല്‍, വാഴോറമല, കൂടത്തായി തേവർമല, കാനങ്ങോട്ടുമല, തേനാംകുഴി.
വടകര
കാവിലുംപാറ ചൂരാനി, പൊയിലാംചാല്‍, കരിങ്ങാടുമല, വട്ടിപ്പന, കോട്ടപ്പടി, മുത്തുപ്ലാവ്, മരുതോങ്കര പൂഴിത്തോട്, പശുക്കടവ്, തോട്ടക്കാട്, കായക്കൊടി പാലോളി, മുത്തശ്ശിക്കോട്ട, കാഞ്ഞിരത്തിങ്ങല്‍, കോരനമ്മല്‍, ഒഞ്ചിയം- മാവിലാകുന്ന്, കരിപ്പകമ്മായി, പറവട്ടം, വാളൂക്ക്, വായാട്, വളയത്തെ ആയോട്മല, വാണിമേല്‍ ചിറ്റാരിമല, വിലങ്ങാട് ആലിമൂല, അടിച്ചിപാറ, അടുപ്പില്‍ കോളനി, മാടഞ്ചേരി, മലയങ്ങാട്, പാനോം, ഉടുമ്ബിറങ്ങിമല.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.