കോഴിക്കോട്: സുഗന്ധവ്യഞ്ജന പട്ടികയിലേക്ക് പുതിയ ആറ് ഇനങ്ങളും. രണ്ടിനം ഏലം, ജാതി, പെരിഞ്ജീരകം, മാങ്ങ ഇഞ്ചി, അജ്വെയ്ൻ തുടങ്ങിയവയുടെ ഓരോന്നുമാണ് സുഗന്ധവ്യഞ്ജന ഇനങ്ങളായി കർഷകരിലെത്തുക.
സുഗന്ധവ്യഞ്ജന കാർഷികമേഖലയ്ക്ക് വൈവിധ്യത്തിന്റെ പുത്തനുണർവ് പകർന്നുകൊണ്ട് ഇന്ത്യൻ കാർഷിക ഗവേഷണ സ്ഥാപനത്തില്‍ നടന്ന ചടങ്ങിലാണ് ആറ് പുതിയ ഇനം സുഗന്ധവ്യഞ്ജനങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കിയത്.
ഇന്ത്യൻ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസർച്ചിന്റെ കീഴില്‍ പ്രവർത്തിക്കുന്ന ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത വിളകളാണിവ.
ഐ.ഐ.എസ്.ആർ കേരളശ്രീ (ജാതി),ഐ.ഐ.എസ്.ആർ – കാവേരി,
ഐ.ഐ.എസ്.ആർ – മനുശ്രീ (ഏലം),
ആർ.എഫ്-290 (പെരിഞ്ജീരകം),
ഗുജറാത്ത് അജ്വെയ്ൻ 3 (അയമോദകം),
ഐ.ഐ.എസ്.ആർ അമൃത് (മാങ്ങാ ഇഞ്ചി) എന്നിവയാണ് പുറത്തിറക്കിയത്. ഇതുള്‍പ്പടെ 109 പുതിയ വിള ഇനങ്ങളും പ്രധാനമന്ത്രി പുറത്തിറക്കിയിട്ടുണ്ട്.
ജാതി ഇനിമായ ഐ.ഐ.എസ്.ആർ കേരളശ്രീയുടെ കായ ദൃഢതയുള്ളതും ജാതിപത്രിക്ക് ആകർഷണവും കൂടുതലാണ്. കർഷക പങ്കാളിത്തത്തിലൂടെ വികസിപ്പിച്ച ആദ്യത്തെ സുഗന്ധവ്യഞ്ജന ഇനമെന്ന പ്രത്യേകതയുമുണ്ട്. വരണ്ട കാലാവസ്ഥയിലുള്‍പ്പെടെ മികച്ച വിളവ് ലഭ്യമാക്കാനാകുമെന്നതാണ് ഏലം ഇനമായ ഐ.ഐ.എസ്.ആർ-മനുശ്രീയുടെ സവിശേഷത.ഐ.ഐ.എസ്.ആർ കാവേരി വലുപ്പമേറിയ ഏലക്കായ ആണെന്നതിനൊപ്പം സുഗന്ധതൈലത്തിന്റെ അളവും കൂടുതലാണ്.
ഉയർന്ന വിളവ് നല്കുന്ന പെരുംജീരക ഇനമായ ആർ.എഫ്-290 രാജസ്ഥാൻ, ഗുജറാത്ത്, യു.പി, ബിഹാർ, എം.പി, ഹരിയാന സംസ്ഥാനങ്ങളിലെ പെരുംജീരകം കൃഷിചെയ്യുന്ന എല്ലാ മേഖലകളിലും കൃഷി ചെയ്യാൻ കഴിയും. ഗുജറാത്ത് അജ്വെയ്ൻ – 3 അയമോദകം ഗുജറാത്ത്, രാജസ്ഥാൻ, ഹരിയാന, ആന്ധ്രാപ്രദേശ്, ഉത്തർപ്രദേശ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ കൃഷി ചെയ്യാൻ സാധിക്കും. മാങ്ങ ഇഞ്ചി ഇനമായ ഐ.ഐ.എസ്.ആർ അമൃതിന്റെ ഉല്‍പ്പാദനശേഷി ഒരു ഹെക്ടറിന് 45 ടണ്‍ എന്ന തോതിലാണ്. നിലവിലുള്ള ഇനങ്ങളെക്കാള്‍ 30 ശതമാനത്തോളം അധികമാണ് എന്നത് ശ്രദ്ധേയമാണ്.
കോഴിക്കോട് ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനം ആസ്ഥാനമായുള്ള എ.ഐ.സി.ആർ.പി.എസ്, കുരുമുളക്, ഏലം, ഇഞ്ചി, മഞ്ഞള്‍, ജീരകം, മല്ലി മുതലായ വിളകളിലായി 184 സുഗന്ധവ്യഞ്ജന ഇനങ്ങളാണ് ഇതുവരെ പുറത്തിറക്കിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









