മുംബൈ: 2018 ലെ ആത്മഹത്യക്കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച അറസ്റ്റിലായ റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർനബ് ഗോസ്വാമിക്ക് സുപ്രീം കോടതി ബുധനാഴ്ച ഇടക്കാല ജാമ്യം അനുവദിച്ചു. വ്യക്തിസ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കാൻ അധികാരപരിധി വിനിയോഗിക്കണമെന്നും കോടതി ഹൈക്കോടതികളോട് ആവശ്യപ്പെട്ടു.
കേസുമായി ബന്ധപ്പെട്ട് വ്യക്തിസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളും കോടതി നടത്തി. അര്‍ണാബിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് കോടതിയുടെ ഈ വിമര്‍ശനം. വ്യക്തിസ്വാതന്ത്ര്യം ഇത്തരത്തില്‍ ഹനിക്കപ്പെട്ടാല്‍ അതു നീതിനടത്തിപ്പിനെ പരിഹാസ്യതയിലാക്കുമെന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് നിരീക്ഷിച്ചു.
ഇടക്കാല ജാമ്യം നിഷേധിച്ച ബോംബെ ഹൈക്കോടതി വിധിക്കെതിരെ അര്‍ണബ് നല്കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി നിരീക്ഷണം. ഇന്ത്യന്‍ ജനാധിപത്യം അസാധാരണമാംവിധം പുനരുജ്ജീവന ശേഷിയുള്ളതാണെന്നും ടെലിവിഷനിലൂടെ അര്‍ണബ് നടത്തുന്ന ആക്രമണങ്ങളെ അവഗണിക്കുകയാണ് വേണ്ടതെന്നും ജസ്റ്റിസ് ഇന്ദിര ബാനര്‍ജി കൂടി അടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു.
”അദ്ദേഹത്തിന്റെ ആശയ സംഹിത എന്തുമാവട്ടെ. ഞാന്‍ ആ ചാനല്‍ കാണാറില്ല. തുറക്കാറു പോലുമില്ല. പക്ഷേ, ഇത്തരമൊരു കേസില്‍ ഭരണഘടനാ കോടതിയെന്ന നിലയില്‍ സുപ്രീം കോടതി ഇടപെട്ടില്ലെങ്കില്‍ അതു നാശത്തിനാണ് വഴിയൊരുക്കുക. ” ജസ്റ്റിസ് ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു. ആരോപണത്തിന്റെ പേരില്‍ ഒരാളുടെ വ്യക്തിസ്വാതന്ത്ര്യം ഹനിക്കാനാവുമോ എന്നതാണ് ചോദ്യമെന്ന് കോടതി പറഞ്ഞു.
വ്യക്തിസ്വാതന്ത്ര്യത്തിന്റെ പ്രശ്നമല്ല ഇതെന്നും നിയമ പ്രകൃയയുടേത് ആണെന്നും മഹാരാഷ്ട്രാ സര്‍ക്കാരിനു വേണ്ടി ഹാജരായ അമിത് ദേശായി ചൂണ്ടിക്കാട്ടി. അര്‍ണബിന്റെ ജാമ്യാപേക്ഷ കീഴ്ക്കോടതി പരിഗണിക്കാനിരിക്കെ സുപ്രീം കോടതി ഇതില്‍ ഇടപെടുന്നത് ഉചിതമല്ലെന്ന് ദേശായി വാദിച്ചു.
‘സര്‍ക്കാര്‍ വ്യക്തികളെ വേട്ടയാടുക ആണെങ്കില്‍, രാജ്യത്തെ പരമോന്നത കോടതി വ്യക്തി സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ഉണ്ടാകും. ‘ഈ കേസ് (അര്‍ണാബ് ഗോസ്വാമിക്ക് എതിരെ) തീവ്രവാദ കേസ് അല്ല. സാങ്കേതിക കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ജാമ്യം നിഷേധിക്കാന്‍ കഴിയില്ലെന്നും കോടതി വിമര്‍ശിച്ചു. ഹൈക്കോടതി 56 പേജ് ദൈര്‍ഘ്യം ഉള്ള വിധി ആണ് എഴുതിയത്. എന്നാല്‍ കേസ് നിലനില്‍ക്കുമോ എന്ന പ്രാഥമികം ആയ കാര്യം പോലും വിധിയില്‍ ഇല്ലെന്നും ചന്ദ്രചൂഡ് വിമര്‍ശനം ഉന്നയിച്ചു. ഉച്ചക്ക് ശേഷം കേസില്‍ വീണ്ടും വാദം തുടരും.
നേരത്തെ അര്‍ണബ് ഗോസ്വാമിയുടെ ജാമ്യാപേക്ഷ അടിയന്തരമായി ലിസ്റ്റ് ചെയ്തതിനെതിരെ സുപ്രീംകോടതി ബാര്‍ അസോസിയേഷന് രംഗത്തെത്തിയിിരുന്നു. ചീഫ് ജസ്റ്റിസ് എസ്. എ ബോബ്ഡെയുടെ നിര്‍ദ്ദേശ പ്രകാരമാണോ ഇത്തരമൊരു നീക്കമെന്ന് വ്യക്തമാക്കണം എന്നാണ് ബാര്‍ അസോസിയേഷന് പ്രസിഡന്റ് ദുഷ്യന്ത് ദവേ സുപ്രീംകോടതി സെക്രട്ടറി ജനറലിന് കത്തു നല്കുകയുണ്ടായി.
മഹാമാരിയുടെ ഈ കാലത്ത് ഹരജികള്‍ പരിഗണിക്കുന്നത് വൈകുന്നതിനാല്‍ ആയിരക്കണക്കിനാളുകള്‍ ജയിലില്‍ കഴിയുമ്ബോഴാണ് സ്വാധീനമുള്ള ഒരാളുടെ ഹരജി ഒരുദിവസത്തിനുള്ളില്‍ തന്നെ ലിസ്റ്റ് ചെയ്യുന്നതെന്ന് ദുഷ്യന്ത് ദവേ ചൂണ്ടിക്കാട്ടി. തനിക്ക് അര്‍ണബിനോട് യാതൊരു വ്യക്തി വിദ്വേഷവും ഇല്ല. എല്ലാവരെയും പോലെ അര്‍ണബിനും നീതി തേടാനുള്ള അവസരമുണ്ട്. എന്നാല്‍, കോവിഡ് സാഹചര്യത്തില്‍ കഴിഞ്ഞ എട്ട് മാസമായി നടക്കുന്ന സെലക്റ്റീവ് ലിസ്റ്റിങ് ആണ് പ്രശ്നം.
ആഴ്ചകളും മാസങ്ങളും ആയിട്ടും ഹരജികള്‍ പരിഗണിക്കാന്‍ വൈകുന്നിടത്താണ് അര്‍ണബ് ഹരജി നല്കുമ്ബോള് ഒരു ദിവസം കൊണ്ട് പരിഗണിക്കാന്‍ ലിസ്റ്റ് ചെയ്യുന്നത്. അര്‍ണബിന് ലഭിക്കുന്ന പ്രത്യേക പരിഗണന നിയമവിരുദ്ധവും അനധികൃതവുമാണ്. മുതിര്‍ന്ന അഭിഭാഷകന് കൂടിയായ പി. ചിദംബരത്തിന്റെ ഹരജി പോലും ഇത്ര വേഗം ലിസ്റ്റ് ചെയ്തിട്ടില്ല. അദ്ദേഹത്തിന് ജാമ്യം നല്കുമ്ബോഴേക്കും മാസങ്ങള്‍ ജയിലില്‍ കഴിഞ്ഞിരുന്നുവെന്നും ദവേ ചൂണ്ടിക്കാണിക്കുകയുണ്ടായി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









