കോഴിക്കോട്: നിരവധി മോഷണ കേസുകളിലും കവർച്ചാ കേസിലും പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് പെരിങ്ങളം അറപ്പൊയിൽ മുജീബ് എ.പി (38)യെ ആണ് കാപ്പ ചുമത്തി ജയിലിലടച്ചത്.
പയ്യോളി പ്രശാന്തി ജ്വല്ലറിയിൽ നിന്നും 2021ൽ സ്വർണ്ണം കവർച്ച നടത്തിയത് അടക്കമുള്ള പ്രധാനപ്പെട്ട കവർച്ചാ കേസിലെ പ്രതിയാണ് മുജീബ്. കോഴിക്കോട് സിറ്റി പോലീസ് ജില്ലയിലെ പന്തീരങ്കാവ്, കുന്ദമംഗലം, മലപ്പുറം ജില്ലയിലെ കരിപ്പൂർ, തേഞ്ഞിപ്പാലം, അരിക്കോട്, കൊണ്ടോട്ടി കൂടാതെ മാഹി എന്നീ പോലീസ് സ്റ്റേഷനുകളിൽ വാഹന മോഷണവും, പണവും വിലപിടിപ്പുള്ള മുതലുകളും പിടിച്ചുപറിയും കവർച്ചയും നടത്തിയത് ഉൾപ്പെടെയുള്ള നിരവധി കേസുകളിൽ പ്രതിയാണ്.
കളവ് നടത്തിയ വാഹനം ഉപയോഗിച്ച് പല സ്ഥലങ്ങളിൽ സഞ്ചരിച്ച് കളവും കവർച്ചയും നടത്തുകയാണ് പതിവ്. കുന്ദമംഗലം ഇൻസ്പെക്ടർ സമർപ്പിച്ച റിപ്പോർട്ടിനെ തുടർന്ന് കോഴിക്കോട് ജില്ലാ കലക്ടറാണ് തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത്. ഈ മാസം പന്ത്രണ്ടാം തിയ്യതി തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ച ശേഷം ഒളിവിൽ പോയ പ്രതിയെ കണ്ടെത്തുന്നതിനുള്ള പോലീസിന്റെ ഊർജ്ജിതമായ അന്വേഷണത്തിനിടെ ഇന്ന് കൊയിലാണ്ടിയിൽ നിന്നും കളവുചെയ്ത മോട്ടോർ സൈക്കിളുമായി കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നാണ് സിറ്റി ക്രൈം സ്ക്വാഡ് പ്രതിയെ പിടികൂടിയത്. കോഴിക്കോട് കേന്ദ്രീകരിച്ച് സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന കുറ്റവാളികൾക്കെതിരെയുള്ള ശക്തമായ നടപടികളുടെ ഭാഗമായാണിത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.