താമരശേരി ചുരത്തിൽ അടിവാരം മുതൽ ലക്കിടി വരെയുള്ള ഭാഗത്ത് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു. ചുരത്തിലെ 6, 7, 8 വളവുകളിൽ രൂപപ്പെട്ടിട്ടുള്ള കുഴികൾ അടയ്ക്കുന്നതിനും 2, 4 വളവുകളിലെ താഴ്‌ന്ന് പോയ ഇന്റർലോക്ക് കട്ടകൾ ഉയർത്തുന്നതിനും വേണ്ടിയാണ് നിയന്ത്രണം. ഇന്ന് മുതൽ 11 വരെ പകൽ സമയങ്ങളിൽ ഭാരമുള്ള വാഹനങ്ങൾക്കാണ് നിയന്ത്രണം ബാധകമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
വയനാട് ചുരം റോഡിലെ നടുവൊടിക്കും യാത്രയ്ക്ക് താൽക്കാലിക പരിഹാരമാകുകയാണ്. ആദ്യഘട്ടമായി കഴിഞ്ഞ ദിവസം 6, 7, 8 വളവുകളിലെ കുഴികൾ അടച്ചു. 2–ാം ഘട്ടമായി ചുരം റോഡിൽ റീടാറിങ് നടത്തും. കാലാവസ്ഥ അനുകൂലമായാൽ റീടാറിങ് പ്രവൃത്തി ചൊവ്വാഴ്ച ആരംഭിക്കും. നിലവിൽ കരാറുള്ള സ്വകാര്യ കമ്പനിയാണ് റീടാറിങ് നടത്തുക. പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗത്തിന്റെ മേൽനോട്ടത്തിലായിരിക്കും പ്രവൃത്തി നടത്തുക.
കഴിഞ്ഞ കുറച്ചുദിവസങ്ങളായിട്ട് ചുരത്തിൽ അതികഠിന യാത്രയാണ്. റോഡിന്റെ ശോച്യാവസ്ഥയും കണ്ടെയ്നറുകളുടെയും വലിയ ചരക്കുവാഹനങ്ങളുടെ നിരന്തര ഓട്ടവും വാഹനപ്പെരുപ്പവും കാരണം ചുരത്തിൽ ഗതാഗതക്കുരുക്ക് ഒഴിഞ്ഞ നേരമില്ല. റോഡിലെ കുഴികളിൽ നിന്നു വാഹനങ്ങൾ കയറാൻ 5 മിനിറ്റ് വൈകിയാൽ മതി അപ്പോഴേക്കും ഗതാഗതക്കുരുക്ക് രൂപപ്പെടും. വളരെ സാഹസപ്പെട്ടാണു വലിയ വാഹനങ്ങൾ ചുരം കയറുന്നതും ഇറങ്ങുന്നതും. ദിവസേന നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ചുരത്തിൽ പൂട്ടുകട്ട പാകിയ വളവുകളൊഴികെ ബാക്കിയുള്ള വളവുകളെല്ലാം തകർന്നു. ഇതിൽ 6, 7, 8 വളവുകളിലായിരുന്നു കൂടുതൽ തകർച്ച.
താങ്ങാനാവുന്നതിന്റെ പരിധിയിലും കൂടുതൽ വാഹനങ്ങൾ കടന്നുപോകാൻ തുടങ്ങിയതോടെയാണു ചുരം തകർച്ചയ്ക്കു വേഗം കൂടിയത്. അമിതഭാരം കയറ്റിയ നൂറുകണക്കിന് വാഹനങ്ങൾ ദിവസവും ഇതിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്നു. ലക്കിടി പ്രവേശന കവാടം മുതൽ താഴെ ഒന്നാം വളവ് വരെ റോഡിൽ പലയിടങ്ങളിലായി കുഴികൾ രൂപപ്പെട്ടു. ദേശീയപാതാ വികസനത്തിന്റെ ഭാഗമായി 6, 7, 8 വളവുകൾ കൂടി വീതി കൂട്ടി പൂട്ടുകട്ട സ്ഥാപിക്കുന്നതോടെ ചുരത്തിലെ യാത്രാദുരിതത്തിനു ഒരുപരിധി വരെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.