വടകര: അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി നവീകരണ പ്രവർത്തനങ്ങൾ നടക്കുന്ന വടകര റെയിൽവേ സ്റ്റേഷനിൽ നിന്ന് ഓട്ടോറിക്ഷകൾ റെയിൽവേ കുടിയിറക്കി.
റെയിൽവേ വാഹനങ്ങളുടെ പാർക്കിങ് ഫീസ് കുത്തനെ വർധിപ്പിച്ചിരുന്നു. ഇതിനിടെ ഓട്ടോറിക്ഷകളുടെ പാർക്കിങ് ഫീസ് ഇരട്ടിയോളം വർധിപ്പിച്ചതോടെ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഓട്ടോറിക്ഷകൾ ഇറങ്ങി.
300 രൂപയുണ്ടായിരുന്ന ഓട്ടോ പാർക്കിങ് ഫീസ് 590 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ ഓട്ടോ ഡ്രൈവർമാർ പ്രതിഷേധവുമായി രംഗത്തെത്തുകയും റെയിൽവേ സ്റ്റേഷനു പുറത്തുള്ള റോഡിൽ നിന്ന് ഓട്ടോ സർവീസ് നടത്തുകയും ചെയ്തു. ഇതുമൂലം റോഡിലെത്താനും ഓട്ടോയിൽ കയറാനും യാത്രക്കാർ കാൽനടയായി പോകേണ്ട അവസ്ഥയാണ്. ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ വൻതോതിൽ പാർക്കിങ് ചാർജ് ഈടാക്കുന്നതിനെതിരെ പ്രതിഷേധം ഉയരുന്നതിനിടെയാണ് ഓട്ടോറിക്ഷകളുടെ പാർക്കിങ് ചാർജും വർധിപ്പിച്ചത്.
നേരത്തെ ഓട്ടോ പാർക്കിങ് ചാർജ് വർധിപ്പിച്ചത് പ്രതിഷേധത്തെ തുടർന്ന് നിർത്തിവച്ചിരുന്നു. പൊലീസും റെയില്‍വേ അധികൃതരും ട്രേഡ് യൂനിയൻ പ്രതിനിധികളുമായി സംസാരിച്ച് ഒക്ടോബർ ഒന്നു മുതല്‍ പത്ത് വരെ രജിസ്ട്രേഷൻ നടത്തി അതിനുശേഷം ഉചിതമായ തീരുമാനമെടുക്കാമെന്നാണ് ധാരണയായത്. 100 ഓട്ടോറിക്ഷകളില്‍ കൂടുതല്‍ ഉണ്ടെങ്കില്‍ വർധന കുറക്കുന്നതു സംബന്ധിച്ച് പഠിച്ചശേഷം അറിയിക്കാമെന്നും പാലക്കാട് ഡിവിഷനല്‍ മാനേജർ ട്രേഡ് യൂനിയൻ നേതാക്കളെ അറിയിച്ചിരുന്നു.
എന്നാല്‍, തീരുമാനങ്ങള്‍ കാറ്റില്‍ പറത്തിയാണ് വ്യാഴാഴ്ച രാവിലെ മുതല്‍ പാർക്കിങ് ഫീസ് വർധിപ്പിച്ചത്. ദീർഘദൂര ട്രെയിനുകള്‍ വരുമ്ബോള്‍ മാത്രമാണ് ഓട്ടോറിക്ഷകള്‍ക്ക് കാര്യമായി ഓട്ടം ലഭിക്കാറുള്ളത്. ഇതിനായി വലിയ പാർക്കിങ് ഫീസ് നല്‍കാൻ കഴിയില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്. നവീകരണത്തിന്റെ ഭാഗമായി വിശാലമായ പാർക്കിങ് സ്ഥലം ഒരുക്കിയതോടെയാണ് ഫീസ് കുത്തനെ കൂട്ടിയത്. ഒരു മാനദണ്ഡവും പാലിക്കാതെ സാധാരണക്കാരെ പിഴിയുന്ന റെയില്‍വേ നടപടിയില്‍ പ്രതിഷേധം ശക്തമാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.