കോഴിക്കോട്: ചക്കോരത്തുകുളത്ത് ബിജി റോഡ് അടിപ്പാത വികസനം സ്വപ്നമായി അവശേഷിക്കുന്നു. നിലവിൽ ഇതുവഴിയുള്ള യാത്ര ഏറെ ദുരിതപൂർണമാണ്. രണ്ട് മീറ്ററിൽ താഴെ വീതിയും ഉയരവുമുള്ള റെയിൽവേ അടിപ്പാതയാണ് തകർന്നുകിടക്കുന്നത്. ഇതിലൂടെ സാഹസിക യാത്ര നടത്തിയാണ് പ്രദേശവാസികൾ ഓരോ ദിവസവും തള്ളുന്നത്. മഴക്കാലത്ത് വെള്ളക്കെട്ട് ഉയർന്ന് യാത്ര ദുഷ്കരമാണ്. നഗരമധ്യത്തിലായിട്ടും റോഡിന് വേണ്ടത്ര ശ്രദ്ധ ലഭിച്ചിട്ടില്ല. നഗരം വികസിച്ചിട്ടും ബിജി റോഡ് അടിപ്പാത അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്. നടക്കാവ്, ചക്കോരത്ത്കുളം, വെസ്റ്റ്ഹില്‍, തോപ്പയില്‍ വാർഡുകൾ ഉൾപ്പെടുന്നതാണ് ആടിപാതയുടെ ചുറ്റുപാട്.
ഈ റോഡ് തീരദേശ റോഡിലേക്കും കണ്ണൂർ റോഡിലേക്കും പോകുന്നു. ഇടുങ്ങിയ റോഡിലൂടെ സ്കൂട്ടറുകളും ഓട്ടോറിക്ഷകളും ചെറുകാറുകളും മാത്രമാണ് ഓടുന്നത്. അതും വളരെ ബുദ്ധിമുട്ടാണ്. ഒരേ സമയം രണ്ട് ഓട്ടോകൾ വന്നാൽ അടിപ്പാതയുടെ മറുവശത്ത് കാത്തുനിൽക്കണം. പിന്നാലെ വാഹനങ്ങൾ അതേ കാത്തിരിപ്പ് തുടരണം.
അടിപ്പാത വികസന പദ്ധതികൾ ചർച്ച ചെയ്യുന്നതിനായി ബിജി റോഡ് അണ്ടർ പാസേജ് ഡെവലപ്‌മെൻ്റ് കമ്മിറ്റി ബഹുജന കൺവെൻഷനും രാപ്പകൽ പ്രതിഷേധങ്ങളും സംഘടിപ്പിച്ചിരുന്നു. ഈ ശ്രമങ്ങളുടെയെല്ലാം ഫലമായി റെയിൽവേയിൽ നിന്ന് അനുകൂല സൂചനകൾ ലഭിച്ചിട്ടുണ്ട്. നിലവിലെ അണ്ടർപാസിനോട് ചേർന്ന് വടക്കുഭാഗത്ത് പുതിയ അടിപ്പാതയ്ക്കുള്ള സാധ്യത റെയിൽവേ സൂചിപ്പിച്ചിരിക്കുന്നത്.
എന്നാൽ, ഈ സാധ്യതാ പഠനത്തിന് ഏകദേശം മൂന്ന് ലക്ഷം രൂപ റെയിൽവേക്ക് കെട്ടിവെക്കേണ്ടതുണ്ട്. കോർപറേഷൻ ഫണ്ടിൽ നിന്ന് തുക അനുവദിച്ചാൽ പ്രശ്നത്തിന് ഉടൻ പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് ബിജി റോഡ് അണ്ടർ പാസേജ് വികസന സമിതി. ഇതിനായി കോര്‍പറേഷനില്‍ നിവേദനം നൽകിയിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.