നാദാപുരം: ആരോഗ്യ വിഭാഗത്തിന്‍റെ നിർദേശങ്ങള്‍ തുടർച്ചയായി അവഗണിച്ച ഹോട്ടല്‍ ഉടമയ്ക്ക് കോടതി ശിക്ഷ വിധിച്ചു. കല്ലാച്ചിയിലെ വനിതാ ഹോട്ടല്‍ ഉടമ എടവന്‍റവിടെ ആയിഷയെ ആണ് നാദാപുരം ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 10,000 രൂപ പിഴ അടക്കാനും പിഴ അടച്ചില്ലെങ്കില്‍ 30 ദിവസം സാധാരണ തടവിനും ശിക്ഷ വിധിച്ചത്.
ആരോഗ്യവകുപ്പിന്‍റെ ഹെല്‍ത്തി കേരള പ്രോഗ്രാമിന്‍റെ ഭാഗമായി ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ ഹോട്ടലില്‍ അടിസ്ഥാന സംവിധാനങ്ങള്‍ ഒരുക്കാതെയും ശുചിത്വ സൗകര്യങ്ങള്‍ ഇല്ലാതെയും മാലിന്യങ്ങള്‍ അലക്ഷ്യമായി നിക്ഷേപിച്ചതായും കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് അധികൃതർ നല്‍കിയ നോട്ടീസിലെ നിർദേശങ്ങള്‍ ഹോട്ടല്‍ ഉടമ അവഗണിച്ചു. ചെയ്ത കുറ്റത്തിന് പിഴ അടക്കാൻ വേണ്ടി നിർദേശിച്ചെങ്കിലും ആയിഷ തയ്യാറായില്ല. ഇതോടെ താലൂക്ക് ആശുപത്രി ഹെല്‍ത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയായിരുന്നു.
കേരള പൊതുജനാരോഗ്യനിയമം 2023 പ്രാബല്യത്തില്‍ വന്നതിനുശേഷം കേരളത്തില്‍ ആദ്യമായി കോടതിയില്‍ രജിസ്റ്റർ ചെയ്ത കേസായിരുന്നു. അനുദിനം പകർച്ചവ്യാധികള്‍ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ പൊതുജനാരോഗ്യ നിയമങ്ങള്‍ പാലിക്കണമെന്നും അല്ലാത്തപക്ഷം നിയമ നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്ന് നാദാപുരം ലോക്കല്‍ പബ്ലിക് ഹെല്‍ത്ത് ഓഫീസർ ഡോക്ടർ നവ്യ ജെ. തൈക്കണ്ടിയില്‍ അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.