എകരൂല്‍: പൂനൂർ പുഴയില്‍ മുങ്ങിമരിച്ച എം.എം പറമ്പ് കോട്ടക്കുന്നുമ്മല്‍ സാലിയുടെ മകൻ ആദിലി (11) ന് നാടിന്റെ കണ്ണീരില്‍ കുതിർന്ന യാത്രാമൊഴി.
ഇയ്യാട് സി.സി.യു.പി സ്കൂള്‍ ആറാം ക്ലാസ് വിദ്യാർഥിയായ ആദിലിന്റെ ചേതനയറ്റ ശരീരം സ്കൂള്‍ അങ്കണത്തില്‍ പൊതുദർശനത്തിന് വെച്ചപ്പോള്‍ ഒരു നോക്കുകാണാൻ അധ്യാപകരും സഹപാഠികളും നാട്ടുകാരുമടക്കം നൂറുകണക്കിന് പേരാണ് എത്തിയത്. ഞായറാഴ്ച ഉച്ചയോടെയാണ് എം.എം പറമ്പ് മൊകായി കുടിവെള്ള പദ്ധതിയുടെ പ്രധാന ടാങ്കിന് സമീപം കൂട്ടുകാരോടൊത്ത് കുളിക്കുമ്ബോള്‍ കോട്ടക്കുന്നുമ്മല്‍ സാലിയുടെ മകൻ ആദില്‍ പൂനൂർ പുഴയില്‍ മുങ്ങി മരിച്ചത്. സമീപത്തുള്ള ടർഫില്‍ ഫുട്ബാള്‍ കളിച്ചതിനുശേഷമാണ് കൂട്ടുകാരോടൊത്ത് ആദില്‍ പുഴയിലിറങ്ങിയത്.
തിങ്കളാഴ്ച രാവിലെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതശരീരം ഉച്ചക്ക് 12 മണിയോടെ ആദില്‍ പഠിക്കുന്ന ഇയ്യാട് സി.സി.യു.പി സ്കൂളിലും പിന്നീട് വീട്ടിലും പൊതുദർശനത്തിന് വെച്ചു.
സ്കൂളില്‍ ആറാം ക്ലാസ് ബിയില്‍ പഠിക്കുന്ന ആദില്‍ സ്കൂള്‍ ഫുട്ബാള്‍ ടീം അംഗമായിരുന്നു. സബ് ജില്ല മത്സരങ്ങളില്‍ മികച്ച വിജയം നേടിയിട്ടുണ്ട്. പഠനത്തിലും മിടുക്കനായിരുന്നുവെന്ന് അധ്യാപകർ പറഞ്ഞു.ഈ മാസം 28ന് പൂനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളില്‍ നടക്കുന്ന സബ് ജില്ല കലോത്സവത്തില്‍ ഉർദു സംഘഗാന മത്സരത്തിലെ പരിശീലനത്തിലായിരുന്നു ആദില്‍. ഉണ്ണികുളം പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ഏറാടിയില്‍, വൈസ് പ്രസിഡന്റ് നിജില്‍ രാജ്, ഇ.ടി. ബിനോയ്, എ.ഇ.ഒ പി. ഗീത തുടങ്ങി രാഷ്ട്രീയ സാമൂഹികരംഗത്തെ പ്രമുഖരടക്കം അന്ത്യോപചാരം അർപ്പിക്കാൻ സ്കൂളിലെത്തിയിരുന്നു. വൈകീട്ട് രണ്ടരമണിയോടെ എം.എം പറമ്ബ് ജുമാമസ്ജിദ് ഖബർസ്ഥാനില്‍ ഖബറടക്കി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.