കുന്ദമംഗലം: ബ്ലാക്ക് ബോർഡിനും വിവിധ നിറം ചോക്കുകള്ക്കും പകരം ക്ലാസ് മുറികളില്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യകള്‍ എത്തിയപ്പോള്‍ പ്രവൃത്തിപരിചയ മേളകളില്‍ നിന്ന് ചോക്ക് നിർമ്മാണം ഒഴിവാക്കുന്നു.
ശാസ്ത്രോത്സവത്തില്‍ കാലോചിതമായ മാറ്റം വേണമെന്ന് പറഞ്ഞാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഈ തീരുമാനം. ചോക്ക് നിർമ്മാണത്തോടൊപ്പം ചന്ദനത്തിരി, പ്ലാസ്റ്റർ ഓഫ് പാരീസ്, പനയോല, തഴയോല, കുട നിർമാണം, വോളിബോള്‍ നെറ്റ് എന്നീ മത്സരയിനങ്ങളും പ്രവൃത്തി പരിചയമേളയി നിന്ന് ഒഴിവാക്കും. മേളയുടെ പ്രധാന ആകർഷണങ്ങളായ ഇനങ്ങള്‍ ഒഴിവാക്കുന്നതില്‍ വിഷമമുണ്ടെന്ന് കുട്ടികളും രക്ഷിതാക്കളും പറയുന്നു. ഈ വർഷം മുതല്‍ തന്നെ പുതുക്കിയ മാന്വല്‍ പ്രകാരം മത്സരങ്ങള്‍ നടത്താനായിരുന്നു വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരുന്നത്.
എന്നാല്‍ ഉത്തരവിറക്കുന്നതിന് മുമ്ബെ സ്കൂള്‍തല മത്സരങ്ങള്‍ പൂർത്തിയായിരുന്നു. അടുത്ത വർഷം മുതല്‍ പുതുക്കിയ മാന്വല്‍ പ്രകാരമായിരിക്കും മത്സരങ്ങള്‍ നടക്കുക. ഒഴിവാക്കിയ ഇനങ്ങള്‍ക്കുപകരം ഒറിഗാമി, പോട്ടറി പെയിന്റിംഗ്, ഫൈബർ ഫാബ്രിക്കേഷൻ, ചൂരല്‍ ഉത്പ്പന്നങ്ങള്‍ തുടങ്ങി എട്ടിനങ്ങള്‍ കൂട്ടിചേർത്തിട്ടുമുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.