മാവൂർ എൻഐടി കൊടുവള്ളി റോഡിൻ്റെ ടാറിംഗ് പ്രവൃത്തി ആരംഭിച്ചു. മാവൂർ അങ്ങാടി ജംഗ്ഷനിൽ പ്രവൃത്തിയുടെ ഉദ്ഘാടനം പി.ടി.എ റഹീം എംഎൽഎ നിർവ്വഹിച്ചു. കെ.ആർ.എഫ്.ബി മുഖേന അനുവദിച്ച 2.25 കോടി രൂപ വിനിയോഗിച്ചാണ് റോഡ് ടാറിംഗ് ചെയ്യുന്നത്. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 52.2 കോടി രൂപ അനുവദിച്ച റോഡിൻ്റെ നവീകരണം നടത്തുന്നതിനുള്ള ഭൂമി ഏറ്റെടുക്കൽ നടപടി പുരോഗമിച്ചു വരികയാണ്.
2013ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരമുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിന് കാലതാമസം വരുന്ന സാഹചര്യത്തിൽ തകർന്നു കിടക്കുന്ന റോഡ് ടാറിംഗ് നടത്തി ഗതാഗത യോഗ്യമാക്കണമെന്ന പൊതു ആവശ്യത്തെ തുടർന്നാണ് ടാറിംഗിന് മാത്രമായി തുക അനുവദിച്ചുകൊണ്ടുള്ള തീരുമാനമുണ്ടായത്. മാവൂർ മുതൽ കൊടുവള്ളി വരെ 13 കി. മീറ്റർ നീളത്തിലുള്ള ഈ റോഡ് പ്രവൃത്തി ഏറ്റെടുത്തത് എൻ.വി മോഹനൻ എന്ന കരാറുകാരനാണ്.
ജില്ലാ പഞ്ചായത്ത് മെമ്പർ സുധ കമ്പളത്ത്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ എ.പി മോഹൻദാസ്, പ്രസന്നകുമാരി ടീച്ചർ, ഗീത കാവിൽപുറായിൽ, കെ.ആർ.എഫ്.ബി അസി. എക്സിക്യൂട്ടീവ് എൻജിനീയർ ജെ ഷാനു, അസി. എൻജിനീയർ വി അമൽജിത്ത്, പി സുനിൽകുമാർ, കെ.പി ചന്ദ്രൻ, എം ധർമ്മജൻ, ഇ.എൻ പ്രേമനാഥൻ, സുരേഷ് പുതുക്കുടി, എം ഹംസ, ഇ.എൻ ദേവദാസൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.