കോഴിക്കോട്: സ്‌കൂൾ അധ്യാപകനില്‍നിന്ന് 17.38 ലക്ഷം രൂപയുടെ കള്ളനോട്ടുകൾ പിടികൂടിയ കേസിൽ അന്വേഷണം ഊർജിതമാക്കി. താമരശ്ശേരി ഡിവൈഎസ്പി എ.പി. ചന്ദ്രൻ അന്വേഷിക്കുന്ന കേസ് ഉടൻ ക്രൈംബ്രാഞ്ചിന് കൈമാറും.
പുതുപ്പാടി ഈങ്ങാപ്പുഴ മോളോത്ത് വീട്ടിൽ ഹിഷാം (36) ആണ് അറസ്റ്റിലായത്. താമരശ്ശേരി മലപുറത്തെ വീട്ടിൽ അലമാരയുടെ മുകളിൽ 500 രൂപയുടെ കവറുകളിലാക്കി സൂക്ഷിച്ചിരുന്ന 17,38,000 രൂപയുടെ കള്ളനോട്ടുകളാണ് പോലീസ് കണ്ടെടുത്തത്.
ഇയാൾ നേരത്തെ ഉൾപ്പെട്ട കള്ളനോട്ട് കേസ് ഇപ്പോൾ ക്രൈംബ്രാഞ്ച് അന്വേഷിക്കുകയാണ്. ഈ കേസിൻ്റെ അന്വേഷണവും ആ കേസിനൊപ്പം നടക്കും. നിലവിൽ കേരളത്തിന് പുറത്ത് നിന്നാണ് കള്ളനോട്ട് അച്ചടിച്ചതെന്നാണ് സൂചന. ഇതിന് പിന്നിൽ വൻ സംഘമാണെന്നാണ് പൊലീസ് കരുതുന്നത്.
ബെംഗളൂരുവിലും ഹൊസൂരിലും ഹിഷാം ഫ്‌ളാറ്റുകൾ വാടകയ്‌ക്കെടുക്കുകയും പ്രിൻ്ററുകൾ, സ്‌കാനറുകൾ, ഫോട്ടോസ്റ്റാറ്റ് മെഷീനുകൾ, അനുബന്ധ സാമഗ്രികൾ എന്നിവ ഉപയോഗിച്ച് ഒന്നരവർഷമായി ലക്ഷക്കണക്കിന് രൂപയുടെ കള്ളനോട്ട് നിർമിച്ച് വിതരണം ചെയ്യുകയും ചെയ്‌തതായി പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. നോട്ടുകൾ അടിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും കണ്ടെത്തിയിരുന്നു.
ചെന്നൈയിലും കള്ളനോട്ട് അച്ചടിച്ചിട്ടുണ്ട്. അന്തർ സംസ്ഥാന ലോബിയാണ് പിന്നിലെന്നതിനാൽ അന്വേഷണം കേരളത്തിന് പുറത്തേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്. റിമാൻഡിൽ കഴിയുന്ന ഹിഷാമിനെ വിട്ടുകിട്ടാൻ കോടതിയിൽ അപേക്ഷ നൽകും. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് കരുതുന്നത്.
ഇയാൾ നിലവിൽ വിതരണക്കാരനാണെന്നാണ് പൊലീസ് നൽകുന്ന സൂചന. ജൂണിൽ നരിക്കുനിയിലെ മണി എക്‌സ്‌ചേഞ്ചിൽ മൂന്ന് ലക്ഷം രൂപയുടെ കള്ളനോട്ട് വിതരണം ചെയ്ത കേസിലെ പ്രതിയാണ് ഹിഷാം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.