പാലക്കാട് : സന്ദീപ് വാര്യര്‍ കോൺഗ്രസിൽ. കോൺഗ്രസുമായി കഴിഞ്ഞ രണ്ടാഴ്ചയായി നടന്ന ചര്‍ച്ചകൾക്ക് ശേഷമാണ് സന്ദീപിന്റെ നിര്‍ണായക നീക്കം. പാലക്കാട് തെരഞ്ഞെടുപ്പ് അന്തിമ ഘട്ടത്തിലേക്ക് നീങ്ങവേയാണ് ഇങ്ങനെയൊരു നീക്കം . രണ്ടാഴ്ചയോളം നീണ്ടു നിന്ന ചര്‍ച്ചക്ക് ഒടുവിൽ ഇന്നലെ രാത്രി എഐസിസിയും സന്ദീപിന്റെ കോൺഗ്രസ് പ്രവേശനത്തിന് അനുമതി നൽകിയതോടെയാണ് നിര്‍ണായക പ്രഖ്യാപനത്തിലേക്ക് എത്തിയത്.
ഇതോടെ പാലക്കാട്ടെ കെപിസിസി ഓഫീസിൽ കെ സുധാകരൻ അടക്കം കോൺഗ്രസ് നേതാക്കൾ ഷോൾ അണിയിച്ച് സന്ദീപ് വാര്യരെ സ്വാഗതം ചെയ്തു. ‘സ്നേഹത്തിന്റെ കടയിൽ ഒരു മെമ്പര്‍ഷിപ്പെടുക്കുകയാണ് ഞാനെന്ന് സന്ദീപ് കെപിസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ പ്രതികരിച്ചു. വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറിയിൽ നിന്ന് സ്നേഹവും കരുതലും ഞാൻ പ്രതീക്ഷിച്ചുവെന്നതാണ് എന്റെ തെറ്റ്. പലഘട്ടത്തിലും പിന്തുണ തേടി പെട്ട് പോയ അവസ്ഥയിലായിരുന്നു ബിജെപിയിൽ ഞാൻ. ജനാധിപത്യത്തെ മതിക്കാത്ത ഒരിടത്ത് വീര്‍പ്പ് മുട്ടി കഴിയുകയായിരുന്നു. മനുഷ്യ പക്ഷത്ത് നിന്ന് സംസാരിക്കാനുളള സ്വാതന്ത്രം പോലുമില്ലാതെ അച്ചടക്ക നടപടി നേരിട്ടു.
മാധ്യമ ചര്‍ച്ചയ്ക്ക് പോകരുതെന്ന് പോലും എന്നോട് പറഞ്ഞു, വിലക്ക് നേരിട്ടു. മതം പറയാനോ , കാലിഷ്യമുണ്ടാക്കാനോ എനിക്ക് താൽപര്യമില്ല. വ്യക്തിപരമായി ഫേസ്ബുക്കിലിട്ട ഒരു പോസ്റ്റിന്റെ പേരിൽ ഒരു വര്‍ഷക്കാലം നടപടി നേരിട്ടു. ഞാനിന്ന് ഈ നിമിഷം കോൺഗ്രസിന്റെ ത്രിവര്‍ണ്ണ ഷാൾ അണിഞ്ഞ് ഇരിക്കുന്നുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്തം കെ സുരേന്ദ്രനും സംഘത്തിനുമാണ്. സ്നേഹത്തിന്റെ ഇടത്തേക്കാണ് താൻ വരുന്നതെന്നും സന്ദീപ് വാര്യര്‍ പാലക്കാട്ട് കെപിസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു. കെപിപിസി അധ്യക്ഷൻ കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വിഡി സതീശനുമടക്കം നേതാക്കൾ കെപിസിസി ആസ്ഥാനത്ത് വാര്‍ത്താ സമ്മേളനത്തിൽ സന്ദീപിനെ സ്വാഗതം ചെയ്തു.
ഉപതെരഞ്ഞെടുപ്പിൻറെ നിർണ്ണായകഘട്ടത്തിൽ നേതൃത്വത്തെ പരസ്യമായി വെല്ലുവിളിച്ച സന്ദീപ് വാര്യർ കടുത്ത പ്രതിസന്ധി ബിജെപിക്കുണ്ടാക്കിയാണ് പാര്‍ട്ടി വിടുന്നത്. പാലക്കാട് സീറ്റ് നിഷേധിച്ചതിനൊപ്പം പാര്‍ട്ടിയിൽ നിന്നും നേരിടുന്ന അവഗണനയാണ് സന്ദീപിനെ കൂടുതൽ ചൊടിപ്പിച്ചത്. നേരത്തെ ചില പരാതികളുടെ പേരിൽ സന്ദീപിനെ വക്താവ് സ്ഥാനത്തുനിന്നടക്കം ചുമതലകളിൽ നിന്ന് മാറ്റിയിരുന്നു. പിന്നീട് ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് കെ. സുരേന്ദ്രൻ തന്നെയാണ് സന്ദീപിനെ തിരികെ നേതൃനിരയിലേക്കെത്തിക്കാൻ മുൻകയ്യെടുത്തത്. ഇതിന് ശേഷവും തന്നെ വേണ്ട രീതിയിൽ പരിഗണിക്കുന്നില്ലെന്ന പരാതി സന്ദീപ് ഉയര്‍ത്തിയിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.