കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ കോഴിമാലിന്യം സംസ്കരിക്കുന്നതിന് കൂടുതൽ ഏജൻസികളെ നിയമിക്കാനും ജനുവരി 15നകം എല്ലാ കോഴിക്കടകളിലും ഫ്രീസർ സൗകര്യം നിർബന്ധമാക്കാനും ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ ചേർന്ന ജില്ലാതല ഫെസിലിറ്റേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റി (ഡിഎൽഎഫ്എംസി) യോഗം തീരുമാനിച്ചു.
2018ൽ തന്നെ ജില്ലയിൽ 92 ടൺ കോഴിമാലിന്യം ഉൽപാദിപ്പിച്ചതായാണ് ജില്ലാ പഞ്ചായത്തിൻ്റെ കണക്ക്. എന്നിരുന്നാലും, ഇത് കൈകാര്യം ചെയ്യാൻ ഒരു ഏജൻസി മാത്രമേയുള്ളൂ. കട്ടിപ്പാറ ഗ്രാമപ്പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് ഓർഗാനിക് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഈ ഏജൻസിക്ക് 30 ടൺ കോഴിമാലിന്യം സംസ്കരിക്കാനുള്ള ശേഷിയുണ്ട്. ഈ സാഹചര്യത്തിലാണ് കൂടുതൽ ഏജൻസികളെ ക്ഷണിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
ജനുവരി 15നകം ജില്ലയിലെ എല്ലാ കോഴിക്കടകളിലും നിലവിൽ സ്റ്റാളുകളിൽ നിന്ന് മാലിന്യം ശേഖരിക്കുന്ന ഫ്രഷ് കട്ട് വാഹനങ്ങളിലും ഫ്രീസർ നിർബന്ധമാക്കും. ഇക്കാര്യം കർശനമായി പരിശോധിക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ എൻഫോഴ്സ്മെൻ്റ് വിഭാഗം ഉണ്ടാകും.
കട്ടിപ്പാറയിലെ ഫ്രഷ് കട്ട് ഏജൻസി ആവശ്യപ്പെട്ടതനുസരിച്ച് വെയിങ് ബ്രിഡ്ജ്, മാലിന്യ സംസ്‌കരണ പ്ലാൻ്റ്, വാഹനം കഴുകാനുള്ള സൗകര്യം തുടങ്ങിയ സൗകര്യങ്ങൾ ഏജൻസി സ്ഥാപിച്ചിട്ടുണ്ട്. എന്നിട്ടും പ്ലാൻ്റിൽ നിന്ന് വമിക്കുന്ന ദുർഗന്ധം കുറഞ്ഞിട്ടില്ലെന്ന് പരിസരവാസികൾ പറയുന്നു. ഇതേത്തുടർന്നാണ് പൂർണമായും അഴുകിയ കോഴിമാലിന്യം പ്ലാൻ്റിലെത്തുന്നത് തടയാൻ സ്റ്റാളുകളിൽ ഫ്രീസർ നിർബന്ധമാക്കുന്നത്.
ജില്ലാ കളക്ടർ സ്നേഹില്‍ കുമാർ സിംഗ് അധ്യക്ഷത വഹിച്ച യോഗത്തില്‍ മലിനീകരണ നിയന്ത്രണ ബോർഡ് പരിസ്ഥിതി എഞ്ചിനീയർ സൗമ ഹമീദ്, തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർ ലിഷ മോഹൻ, ജില്ലാ ശുചിത്വമിഷൻ കോർഡിനേറ്റർ എം ഗൗതമൻ, ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ പി ടി പ്രസാദ്, എൻഐടിയിലെ സാങ്കേതിക വിദഗ്ധൻ പ്രവീണ്‍ എന്നിവർ പങ്കെടുത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.