കോഴിക്കോട് ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിൻ്റെ എലത്തൂർ ഡിപ്പോയിലുണ്ടായ ഇന്ധന ചോർച്ച എച്ച്‌പിസിഎല്ലിൻ്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയാണെന്ന് ജില്ലാ കലക്ടർ സ്‌നേഹിൽ കുമാർ പറഞ്ഞു. വലിയ ദുരന്തമാണ് ഒഴിവായതെന്നും എച്ച്പിസിഎല്ലിൽ മെക്കാനിക്കൽ, ഇലക്ട്രോണിക് സംവിധാനങ്ങളുടെ തകരാറാണ് ചോർച്ചയ്ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.
ഡീസൽ ചോർച്ചയുടെ വ്യാപ്തി ചെറുതല്ല. ജലാശയങ്ങൾ മലിനമായിട്ടുണ്ട്. എല്ലാം വൃത്തിയാക്കാൻ വേഗത്തിലുള്ള നടപടി സ്വീകരിക്കും. ജലാശയം വൃത്തിയാക്കാൻ മുംബൈയിൽ നിന്ന് രാസവസ്തുക്കൾ എത്തിക്കും. ഇത് മണ്ണിൽ കലർന്നിടത്തും സ്ഥലങ്ങളും ഉടൻ വൃത്തിയാക്കും. മാലിന്യം നീക്കം ചെയ്യുകയാണ് ആദ്യപടി. നാട്ടുകാരെ ബോധ്യപ്പെടുത്തി വിശ്വാസം വളർത്തിയായിരിക്കും നടപടികൾ സ്വീകരിക്കുക. നാട്ടുകാരുടെ സഹകരണം ഉറപ്പാക്കുമെന്നും കലക്ടർ പറഞ്ഞു. ഫാക്ടറി നിയമപ്രകാരം എച്ച്പിസിഎല്ലിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബുധനാഴ്ച വൈകീട്ട് നാലോടെയാണ് ഇന്ധന ചോർച്ച തുടങ്ങിയത്. ഇന്ധന ടാങ്ക് കവിഞ്ഞൊഴുകിയതാണ് ചോർച്ചയ്ക്ക് കാരണം. ഓവർഫ്ലോ അറിയിക്കാനുള്ള അലാറം സംവിധാനം തകരാറിലായതിനാൽ കണ്ടെത്താനായില്ല. ഈ സംവിധാനത്തിലെ തകരാർ പരിഹരിക്കുമ്പോഴും ടാങ്ക് നിറഞ്ഞുകൊണ്ടിരുന്നു. ഇതോടെ ഇന്ധനം അമിതമായി പുറത്തേക്ക് പോകാൻ തുടങ്ങി. ഓടകളിലേക്ക് ഒഴുകിയെത്തിയ ഡീസൽ കുപ്പികളിലാക്കി നാട്ടുകാർ ശേഖരിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.