മുക്കം : കർഷകനായ മണാശേരി സ്വദേശി നെറ്റിലാംപുറത്ത് വിനോദിന്‍റെ ഇരുന്നൂറോളം വാഴകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചത്. മധുരക്കിഴങ്ങ്, ചേമ്ബ്, കപ്പ, പച്ചക്കറി തുടങ്ങിയവയും നശിപ്പിച്ചവയില്‍പ്പെടുന്നു. കഴിഞ്ഞ സീസണില്‍ 700 വാഴകളാണ് വിനോദ് വച്ചു പിടിപ്പിച്ചിരുന്നത്. കാലവർഷത്തിലെ വെള്ളപ്പൊക്കത്തില്‍ 450 വാഴകള്‍ നിലംപൊത്തി. ഇൻഷ്വർ ചെയ്തിരുന്നെങ്കിലും ഇതുവരെ പണം കിട്ടിയില്ലെന്ന് വിനോദ് പറഞ്ഞു. എന്നിട്ടും പതറാതെ, നട്ടുവളർത്തിയ വാഴകളാണ് കാട്ടുപന്നികള്‍ ഇല്ലാതാക്കിയത്.
ഇൻഷ്വർ ചെയ്ത, കുലച്ച വാഴകള്‍ക്ക് 300 രൂപയും കുലയ്ക്കാത്തവയ്ക്ക് 150 രൂപയുമാണ് നഷ്ടപരിഹാരമായി സർക്കാർ നല്‍കുന്നത്. കാട്ടുപന്നികള്‍ നശിപ്പിക്കുന്ന വാഴയ്ക്ക് കർഷകർക്ക് നഷ്ടപരിഹാരം നല്‍കാൻ വ്യവസ്ഥയുണ്ടെങ്കിലും തുക അപര്യാപ്തമാണെന്ന് കർഷകർ പറയുന്നു.
ഒരു വാഴ കുലയ്ക്കാറാകുമ്ബോഴേക്കും 150 മുതല്‍ 200 വരെ കർഷകന് ചെലവ് വരും. അധ്വാനം വേറെയും. പക്ഷേ കുലയ്ക്കാത്ത വാഴയൊന്നിന് നഷ്ടപരിഹാരമായി കർഷകർക്ക് ലഭിക്കുന്നത് 150 രൂപ മാത്രവും.
കേവലം വിനോദിന്‍റെ മാത്രം അവസ്ഥയല്ലിത്. കൈക്കലാട്ട് വേലായുധൻ, വെള്ളാത്തൂർ ശശി, സുമതി, പള്ളിപുറത്ത് അനില്‍, നെറ്റിലാംപുറത്ത് ബാലകൃഷ്ണൻ, മണി, സന്തോഷ് എന്നിവരുടെ വാഴ, തെങ്ങിൻതൈ, കിഴങ്ങ് വർഗങ്ങള്‍ എന്നിവയും വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്. മലയോര മേഖലയിലെ മിക്ക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വന്യജീവികള്‍ കൃഷി നശിപ്പിക്കുന്നത് പതിവാണെന്ന് കർഷകർ പറയുന്നു. മതിലുകളും കമ്ബിവേലികളും ഉള്‍പ്പെടെയുള്ള തടസങ്ങള്‍ നീക്കിയാണ് വന്യജീവികള്‍ കൃഷിയിടത്തിലെത്തുന്നത്. പകല്‍ സമയങ്ങളിലുള്ള ഇവയുടെ വിഹാരം കർഷകർക്കും നാട്ടുകാർക്കും ഒരുപോലെ ഭീഷണിയാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.