കോഴിക്കോട്: എസ്എഫ്ഐ- കെഎസ്‍യു പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തെ തുടര്‍ന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു. സ്റ്റാഫ് കൗൺസിലിന്‍റെ ശുപാർശ പ്രകാരമാണ് ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ കോളേജും ഹോസ്റ്റലും അനിശ്ചിത കാലത്തേക്ക് അടച്ചത്. സംഘർഷത്തില്‍ രണ്ട് കെഎസ്‍യു പ്രവർത്തകർക്കും രണ്ട് എസ്എഫ്ഐ പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്.
ഇന്നലെ രാത്രി രണ്ട് കെഎസ്‍യു പ്രവർത്തകരെ എസ്എഫ്ഐ മർദ്ദിച്ചെന്നാരോപിച്ചാണ് രാവിലെ മുതൽ കെഎസ്‍യു പ്രവർത്തകർ പ്രിൻസിപ്പാളിനെ ഉപരോധിച്ചത്. സ്റ്റാഫ് കൗൺസിൽ ചേർന്ന് എസ്എഫ്ഐ കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി ഋത്വിക്ക്, അനുഭാവി ആസിഫ് എന്നിവരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചു. ഇതേ തുടർന്ന് പ്രതിഷേധം കെഎസ്‍യു താൽക്കാലികമായി നിർത്തി. പിന്നീട് നടപടി നേരിട്ട ഋത്വിക്ക് കോളേജ് യൂണിയൻ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതോടെ കെഎസ്‍യുവിനൊപ്പം എംഎസ്എഫും പ്രതിഷേധം തുടങ്ങിയത് സംഘർഷത്തിന് ഇടയാക്കി. യൂണിയൻ ഉദ്ഘാടനത്തിന് പ്രിൻസിപ്പാളിനെ ക്ഷണിക്കാൻ എത്തിയ എസ്എഫ്ഐ വൈസ് ചെയർപേഴ്സൺ കെ.പി ഗോപികയെ കെഎസ്‍യു മർദ്ദിച്ചതായി ആരോപിച്ച് എസ്എഫ്ഐയും പ്രതിഷേധിച്ചു.
ഇതിനിടെ സച്ചിൻ ദേവ് എംഎൽഎ യൂണിയൻ ഉദ്ഘാടനം ചെയ്തു. പരിപാടിക്ക് ശേഷം സച്ചിൻ ദേവ് മടങ്ങുന്നതിനിടെ കെഎസ്‍യു – എംഎസ്എഫ് പ്രവർത്തകർ പ്രതിഷേധിച്ചു. തുടർന്ന് പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കിയതോടെയാണ് മണിക്കൂറുകൾ നീണ്ട സംഘർഷം അവസാനിച്ചത്. കെഎസ്‍യു പ്രവര്‍ത്തകരെ മര്‍ദ്ദിച്ചിട്ടില്ലെന്നും സ്റ്റാഫ് കൗൺസിലിന്‍റെ തീരുമാനത്തിനെതിരെ പ്രിന്‍സിപ്പാളിനെ സമീപിക്കുമെന്നും എസ്എഫ്ഐ നേതൃത്ത്വം വ്യക്തമാക്കി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.