തിരുവമ്പാടി: പുല്ലൂരാംപാറ പള്ളിപ്പടിയിൽ വിദ്യാർത്ഥിയെ ആക്രമിച്ച് പരിക്കേൽപ്പിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു.
പുല്ലൂരാംപാറയിലെ സെന്റ് ജോസഫ്സ് യുപി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിക്കാണ് വെള്ളിയാഴ്ച വൈകുന്നേരം സ്കൂൾ വിട്ടുപോകുമ്പോൾ തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. കുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആക്രമിച്ച നായയെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തി. തുടർന്ന്, പഞ്ചായത്ത് അധികൃതർ ഇടപെട്ട് നായയുടെ മൃതദേഹം പൂക്കോട് ഗവ. വെറ്ററിനറി മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു, പേവിഷബാധ സ്ഥിരീകരിച്ചതായി വൈസ് പ്രസിഡന്റ് കെ.എ. അബ്ദുറഹ്മാൻ പറഞ്ഞു.
വിദ്യാർത്ഥിയെ ആക്രമിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചതിനെത്തുടർന്ന് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പുല്ലൂരാംപാറ പഞ്ചായത്ത് അംഗം മേഴ്സി പുളിക്കാട്ട് അഭ്യർത്ഥിച്ചു. പേവിഷബാധ സ്ഥിരീകരിച്ച നായ മറ്റ് നായകളുമായി സമ്പർക്കം പുലർത്തിയിരിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. നാട്ടുകാർ മുൻകരുതലുകൾ എടുക്കണമെന്നും അവർ പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.