കോഴിക്കോട്: കക്കാടംപൊയിലിനെ ഇക്കോടൂറിസം കേന്ദ്രമായി വികസിപ്പിക്കാൻ വനം വകുപ്പും കൂടരഞ്ഞി ഗ്രാമപഞ്ചായത്തും സംയുക്തമായി പദ്ധതി ആവിഷ്കരിക്കുന്നു.
ഏകദേശം 19 ഹെക്ടർ സ്ഥലത്താണ് ഈ ബൃഹദ് വിനോദസഞ്ചാര വികസന പദ്ധതി നടപ്പാക്കുക. കോഴിക്കോട് ജില്ലയിലെ പ്രശസ്ത ഹില്‍ സ്റ്റേഷനുകളിലൊന്നായ കക്കാടംപൊയിലിലേക്ക് ആഭ്യന്തര വിനോദസഞ്ചാരികളുടെ ഒഴുക്ക് വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ സംരംഭം.
വനം മന്ത്രി എ.കെ. ശശീന്ദ്രൻ അടുത്തിടെ കക്കാടംപൊയില്‍ സന്ദർശിച്ചതിനെ തുടർന്ന് ജനപ്രതിനിധികളുമായും പഞ്ചായത്ത് അധികൃതരുമായും നടത്തിയ ചർച്ചകളാണ് പദ്ധതിക്ക് അന്തിമരൂപം നല്‍കിയത്. നായടംപൊയില്‍, കുരിശുമല കുന്നിൻ പ്രദേശങ്ങളുടെ ടൂറിസം സാധ്യതകളാണ് പ്രധാനമായും പ്രയോജനപ്പെടുത്തുക.
ആദ്യഘട്ടത്തില്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ കഫറ്റീരിയകള്‍, കുടിവെള്ള പോയിന്റുകള്‍, കംഫർട്ട് സ്റ്റേഷനുകള്‍, ടിക്കറ്റ് കൗണ്ടറുകള്‍ എന്നിവയുടെ നിർമാണം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കും. മെച്ചപ്പെട്ട മാലിന്യ സംസ്കരണ സംവിധാനങ്ങളോടെ ഗ്രീൻ പ്രോട്ടോക്കോളും നടപ്പാക്കും. ട്രെക്കിംഗിനെത്തുന്ന സഞ്ചാരികള്‍ക്ക് മാർഗനിർദേശം നല്‍കുന്നതിന് വനം വകുപ്പിന്റെ പിന്തുണ ഉറപ്പാക്കും. വന്യജീവി സംരക്ഷണത്തിന്റെയും വനവിഭവങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും ബോധവത്കരണ പരിപാടികളും വനം വകുപ്പ് സംഘടിപ്പിക്കും. വന ഉല്‍പ്പന്നങ്ങളുടെ വിപണനത്തിനായി പ്രത്യേക സൗകര്യം ഒരുക്കുന്നതിനെക്കുറിച്ചും ചർച്ചകള്‍ പുരോഗമിക്കുന്നു.
ടൂറിസം വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചതനുസരിച്ച്, മന്ത്രിയുമായുള്ള ചർച്ചകളുടെ അടിസ്ഥാനത്തില്‍ ഒരു മാസ്റ്റർ പ്ലാൻ ഉടൻ തയ്യാറാക്കും. ലഭ്യമായ റവന്യൂ ഭൂമി ഉപയോഗിച്ച് ഒരു ഫ്ലവർ വാലി നിർമിക്കുന്നതും പ്ലാനില്‍ ഉള്‍പ്പെടുത്തും. പദ്ധതിയെക്കുറിച്ച് ആവേശം പ്രകടിപ്പിച്ച കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, സുസ്ഥിര വരുമാനം ലഭിക്കുന്നതിന് നൂതന ടൂറിസം സംരംഭങ്ങള്‍ക്ക് ഈ പദ്ധതി വഴിയൊരുക്കുമെന്ന് അഭിപ്രായപ്പെട്ടു. ഏറെക്കാലമായി കാത്തിരുന്ന ഈ സ്വപ്ന പദ്ധതി യാഥാർഥ്യമാകുന്നതില്‍ ഗ്രാമവാസികള്‍ ഒന്നടങ്കം സന്തോഷത്തിലാണെന്നും അവർ കൂട്ടിച്ചേർത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.