കുന്ദമംഗലം: ദുരൂഹ സാഹചര്യത്തില്‍ കാണാതായ സൈനികനായ പ്രിയതമന് വേണ്ടി നീതു കാത്തിരിക്കാന്‍ തുടങ്ങിയിട്ട് രണ്ടരവര്‍ഷം കഴിഞ്ഞു. വിശ്വസനീയമായ ഒരു വിവരവും സൈനിക കേന്ദ്രങ്ങളോ പൊലീസോ ഈ കുടുംബത്തിന് നല്‍കിയിട്ടില്ല. അച്ഛനെക്കുറിച്ചുള്ള ഏക മകള്‍ ഏഴുവയസുകാരി ദ്രുതയുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ നീതു പകച്ചുനില്‍ക്കുകയാണ്. മകന്റെ വരവും കാത്തിരിക്കുന്ന അമ്മ കോമളവല്ലിയും അച്ഛന്‍ മാധവനും. അന്വേഷിച്ച് തളര്‍ന്ന സൈനികനായ സഹോദരന്‍ ബിജുവും.
കോഴിക്കോട് ചാത്തമംഗലം വെള്ളലശ്ശേരി പൊന്‍പണത്തില്‍ ഹവില്‍ദാര്‍ ഷിജു അമ്ബാല 140 എയര്‍ ഡിഫന്‍സ് റെജിമെന്റിലായിരുന്നു. 2018 മേയ് 28ന് ചണ്ഡിഗഡില്‍ നിന്ന് സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഡല്‍ഹിയിലെ മിലിട്ടറി ആശുപത്രിയിലേക്ക് ചികിത്സയ്ക്ക് പോയതായിരുന്നു. യാത്രയ്ക്ക് മുമ്ബ് വീട്ടിലേക്ക് വിളിച്ചിരുന്നു. എന്നാല്‍ ഡല്‍ഹിയില്‍ ഇറങ്ങിയപ്പോള്‍ ഷിജുവിനെ കാണാതായെന്നാണ് സൈനികകേന്ദ്രം കുടുംബത്തെ അറിയിച്ചത്.
കേന്ദ്ര പ്രതിരോധ മന്ത്രി, കരസേന മേധാവി, മുഖ്യമന്ത്രി, കുന്ദമംഗലം പൊലീസ്, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ തുടങ്ങിയവര്‍ക്കെല്ലാം നിവേദനം നല്‍കിയിട്ടും ഫലമുണ്ടായില്ല. ഡല്‍ഹി ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയും നല്‍കി. നീതു സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ കാണാതാവുമ്ബോള്‍ ഷിജുവിനൊപ്പമുണ്ടായിരുന്ന ഗാര്‍ഡുമാരെ നുണപരിശോധനയ്ക്ക് വിധേയമാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
എന്നാല്‍ കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല എന്നായിരുന്നു പൊലീസിന്റെ നുണപരിശോധനാ റിപ്പോര്‍ട്ടെന്ന് നീതു പറയുന്നു. അമ്ബാല ക്യാമ്ബില്‍ നിന്ന് പാട്യാലയിലെ സൈനിക കാന്റീനിലേക്ക് ഷിജുവിനെ താല്‍ക്കാലിക ഡ്യൂട്ടിക്ക് നിയമിച്ചതായിരുന്നു. ഷിജുവിന്റെ തിരോധാനത്തിന് ശേഷം സൈനിക കാന്റീനിലെ പല ജീവനക്കാരെയും സ്ഥലം മാറ്റിയതായി അറിഞ്ഞു. അതേപ്പറ്റി അന്വേഷണം നടത്തിയാല്‍ തിരോധാനത്തിന്റെ ചുരുളഴിയുമെന്നാണ് കുടുംബം വിശ്വസിക്കുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








