മലയാളിയുടെ കറി പാത്രത്തിലെ പ്രധാന പച്ചക്കറികളില്‍ ഒന്നാണ് മുരിങ്ങ. ഇതില്‍ ശരീരത്തിന് ആവശ്യമായ ഇരുമ്ബ്, കാത്സ്യം, വിറ്റാമിൻ എ, വിറ്റാമിൻ ഇ, വിറ്റാമിൻ സി തുടങ്ങിയവ ധാരാളമായി അടങ്ങിയിരിക്കുന്നു.
മുരിങ്ങയുടെ ഇല, പൂവ്, കായ്, തണ്ട്, വേര്, തുടങ്ങി എല്ലാ ഭാഗങ്ങളും ഭക്ഷ്യയോഗ്യമാണ്. മുരിങ്ങയെ രണ്ടായി തിരിക്കാം. മര മുരിങ്ങയും ചെടി മുരിങ്ങയും ചെടി മുരിങ്ങയെ ഒരാണ്ടൻ മുരിങ്ങ എന്നും വിളിക്കാറുണ്ട്.
അംഗീകൃത കേന്ദ്രങ്ങളില്‍ നിന്ന് വാങ്ങുന്ന വിത്തുകള്‍ വേണം മുരിങ്ങ നടാൻ ഉപയോഗിക്കേണ്ടത്. ഒരു ഹെക്ടറിന് 500 ഗ്രാം എന്ന തോതിലാണ് വിത്തെടുക്കേണ്ടത്. പോളിബാഗുകളില്‍ നടീല്‍ മിശ്രിതം നിറച്ചു ചെറിയ കുഴികള്‍ കുത്തി 2 വിത്ത് വീതം ഓരോ കുഴികുഴിയിലും ഇടണം. വിത്ത് ഇടുന്നതിനു 12 മണിക്കൂർ മുൻപ് വെള്ളത്തില്‍ കുതിർത്തു വയ്ക്കുന്നത് പെട്ടെന്നു മുള വരാൻ വിത്തിനെ സഹായിക്കും. പോളിബാഗില്‍ വച്ചു മുളപ്പിച്ച തൈകള്‍ ഏകദേശം 35 – 40 ദിവസം പ്രായവും 25 സെന്റിമീറ്റർ ഉയരവും ആവുമ്ബോള്‍ മാറ്റി നടണം. നല്ല വെയില്‍ ലഭിക്കുന്ന സ്ഥലത്താണ് ഇവ നടേണ്ടത്. രണ്ടടി നീളവും വീതിയും താഴ്ചയുമുള്ള കുഴികള്‍ തയാറാക്കി 10 കിലോ ജൈവ വളവും (ചാണകപ്പൊടി, എല്ലുപൊടി, മണ്ണിര കമ്ബോസ്റ്റ്, വേപ്പിൻ പിണ്ണാക്ക് എന്നിവയുടെ മിശ്രിതം) ചേർക്കുക.
വെള്ളം വാർന്നു പോകാൻ സൗകര്യം നല്‍കണം. മേയ്, ജൂണ്‍ മാസങ്ങളില്‍ മാറ്റി നടുന്നതാണു നല്ലത്. നട്ട ശേഷം മിതമായ രീതിയില്‍ നനച്ചു കൊടുക്കുക. വരണ്ട കാലാവസ്ഥയിലും നല്ല രീതിയില്‍ വളരുന്ന ചെടിയാണ് മുരിങ്ങ. പൂവ് വന്നു തുടങ്ങി കഴിഞ്ഞാല്‍ ജലസേചനം വളരെ കുറയ്ക്കണം. തുള്ളി നന ഏർപ്പെടുത്തുന്നതും വളരെ മികച്ച വിളവ് ലഭിക്കാൻ ഇടയാക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നമ്മുടെ വീട്ടു മുറ്റത്തും മുരിങ്ങ കായ്ക്കും
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










