ന്യൂഡല്‍ഹി: കഴിഞ്ഞ വർഷം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വാരാണസി പാർലമെന്റ് സീറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തെരഞ്ഞെടുക്കുന്നതിനെ ചോദ്യം ചെയ്ത് അതിർത്തി സുരക്ഷാ സേന (ബിഎസ്എഫ്) കോൺസ്റ്റബിൾ തേജ് ബഹാദൂർ യാദവ് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
പ്രധാനമന്ത്രിക്കെതിരെ മത്സരിക്കാന്‍ തീരുമാനിച്ചിരുന്ന തേജ് ബഹാദുറിന്റെ നാമനിര്‍ദേശ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷന് തള്ളിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് തേജ് ബഹാദുര്‍ ആദ്യം അലഹാബാദ് ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയും ഹര്‍ജി തള്ളിയിരുന്നു. തുടര്‍ന്നാണ് അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചത്.
വാരണാസി നിയോജകമണ്ഡലത്തിൽ നിന്ന് മത്സരിക്കാൻ സമാജ്‌വാദി പാർട്ടി, യാദവിന് ടിക്കറ്റ് നൽകിയിരുന്നു. എന്നാൽ, പുറത്താക്കൽ വിശ്വാസവഞ്ചനയുടെയോ അഴിമതിയുടെയോ അടിസ്ഥാനത്തിലല്ലെന്ന് സാക്ഷ്യപ്പെടുത്തുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ലെന്ന കാരണത്താൽ റിട്ടേണിംഗ് ഓഫീസർ (ആർഒ) നാമനിർദേശം നിരസിച്ചു. ജവാൻമാർക്ക് നൽകുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് പരാതിപ്പെടുന്ന ഒരു വീഡിയോ വൈറലായതിനെ തുടർന്ന് 2017 ൽ യാദവിനെ ബിഎസ്‌എഫിൽ നിന്ന് പുറത്താക്കിയിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









