കൂരാച്ചുണ്ട്: ബാലുശേരി മണ്ഡലത്തിലെ ഇറിഗേഷൻ വകുപ്പ് മുഖേനെ നടപ്പിലാക്കുന്ന വിവിധ വികസന പ്രവർത്തികളുടെ ഡിപിആർ തയാറാക്കുന്നതിന്‍റെ മുന്നോടിയായി കെ.എം. സച്ചിൻദേവ് എംഎല്‍എയുടെ നേതൃത്വത്തില്‍ തോണിക്കടവില്‍ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം ചേർന്നു.
ജലസേചന വകുപ്പിന്‍റെ അധീനതയില്‍ പ്രവർത്തിക്കുന്ന കരിയാത്തുംപാറ, തോണിക്കടവ് ടൂറിസം പദ്ധതികളുടെ മൂന്നാംഘട്ട വികസനത്തിനായി എംഎല്‍എ ആവശ്യപ്പെട്ടതു പ്രകാരം കഴിഞ്ഞ ബജറ്റില്‍ രണ്ടു കോടി രൂപ അനുവദിച്ചിട്ടുണ്ട്.
റോഡിന് ചേർന്നുള്ള പ്രധാന കേന്ദ്രങ്ങളില്‍ വ്യൂ പോയിന്‍റ് ഉള്‍പ്പെടെയുള്ള പ്രവർത്തികളാണ് അടിയന്തിരമായി നടപ്പാക്കുന്നത്. റിസർവോയർ പരിസരത്ത് ബഫർ സോണ്‍ നിയന്ത്രങ്ങള്‍ വന്നതിനെ തുടർന്ന് ഡിപിആർ തയാറാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കാലതാമസം വന്നിരുന്നു.
ഒരു കോടി രൂപ ചെലവഴിച്ച് കൂട്ടാലിട നഗരസൗന്ദര്യ വത്ക്കരണം, ഉള്ളിയേരി നഗര സൗന്ദര്യ വത്ക്കരണം എന്നീ പ്രവർത്തികളുടെ വിശദമായ പ്രോജക്‌ട് റിപ്പോർട്ട് അടിയന്തിരമായി സർക്കാരിലേക്ക് സമർപ്പിക്കും. രണ്ട് പ്രവർത്തികളുടെയും ആദ്യ ഘട്ട പ്രവർത്തിക്ക് ഒരു കോടി ഉള്ളിയേരി, 1.30 കോടി രൂപ കൂട്ടാലിട എന്നിങ്ങനെ നേരത്തെ ഫണ്ട് അനുവദിച്ചിട്ടുണ്ട്.
ഇതിന് പുറമെയാണ് നവകേരള സദസിന്‍റെ ഭാഗമായി ഒരു കോടിയുടെ പ്രപ്പോസല്‍ അനുമതിക്കായി സർക്കാരിലേക്ക് സമർപ്പിക്കുന്നത്. യോഗത്തില്‍ കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്‍റ് ഒ.കെ. അമ്മദ്, ഉള്ളിയേരി പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എൻ.എം. ബലരാമൻ, പഞ്ചായത്തംഗം അരുണ്‍ ജോസ്, ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ ഇൻചാർജ് ബിജു, ഊരാളുങ്കല്‍ ലേബർ കോണ്‍ട്രാക്‌ട് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










