കോഴിക്കോട്: ജില്ലാ ഭരണകൂടവും പോലീസും വിവിധ വകുപ്പുകളും സംയുക്തമായി നടപ്പാക്കുന്ന ‘പാർക്കിംഗ് ഫ്രണ്ട്ലി’ എന്ന പദ്ധതി നടപ്പിലാക്കുന്നതോടെ കോഴിക്കോട് നഗരത്തിലെത്തുന്ന വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യം ലഭ്യമാകുമെന്ന് സിറ്റി ട്രാഫിക്ക് അസിസ്റ്റന്റ് കമ്മീഷണർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
നഗരത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യമില്ലെന്നും പാർക്ക് ചെയ്താലുടൻ പിഴയടക്കേണ്ട സാഹചര്യമാണെന്നും ആരോപിച്ച് സമർപ്പിച്ച പരാതിയിൽ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
നഗരത്തിൽ ചുരുങ്ങിയ സ്ഥലങ്ങളിൽ മാത്രമേ പണമടച്ച് പാർക്ക് ചെയ്യാൻ സൗകര്യമുള്ളുവെന്ന് അസിസ്റ്റന്റ് കമ്മീഷണർ കമ്മീഷനെ അറിയിച്ചു. മറ്റ് നഗരങ്ങളെ അപേക്ഷിച്ച് കോഴിക്കോട് നഗരത്തിലെ റോഡുകൾക്ക് വീതി കുറവാണ്. ഇത്തരം റോഡുകളിൽ പാർക്കിംഗ് അനുവദിച്ചാൽ സുഗമമായ വാഹനഗതാഗതം തടസപ്പെടാൻ സാധ്യതയുണ്ട്. മേയറുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് പാർക്കിംഗ് ഫ്രണ്ട്ലി എന്ന പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചത്. നഗരസഭയിലെ സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ നേതൃത്വത്തിലുള്ള വിഭാഗത്തെ ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. പദ്ധതിയുടെ സർവ്വേ നടപടികൾ നടന്നു വരികയാണ്. ഈ പദ്ധതി പ്രകാരം മിഠായി തെരുവിന് സമീപം ബഹുനില പാർക്കിംഗ് പ്ലാസ നിർമ്മിക്കാനും ആലോചനയുണ്ട്.
വൈക്കം മുഹമ്മദ് ബഷീർ റോഡ്, ടൗൺഹാൾ റോഡ് എന്നിവിടങ്ങളിൽ പാർക്കിംഗ് അനുവദിച്ചിട്ടില്ല. റയിൽവേ സ്റ്റേഷൻ ലിങ്ക് റോഡ്, മാനാഞ്ചിറയ്ക്ക് പടിഞ്ഞാറു വശം, പാവമണി റോഡ് തുടങ്ങിയ സ്ഥലങ്ങളിൽ ഇരുചക്ര-നാലുചക്ര വാഹനങ്ങളുടെ പാർക്കിംഗ് അനുവദിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കാരപ്പറമ്പ് സ്വദേശി എ. സി. ഫ്രാൻസിസ് സമർപ്പിച്ച പരാതി, പോലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കമ്മീഷൻ തീർപ്പാക്കി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










