കട്ടാങ്ങൽ: എൻഐടിക്കുസമീപം താഴെ പന്ത്രണ്ടാംമൈൽ വളവിൽ ഓടിക്കൊണ്ടിരുന്ന ബസിനുമുകളിലേക്ക് എച്ച്ടി ലൈൻ പൊട്ടിവീണു. തൂൺ ചെരിഞ്ഞ് റോഡിലേക്ക് മറിഞ്ഞുവീഴുന്നതുകണ്ട ബസ് ഡ്രൈവർ കാഴ്ചവ്യക്തമാകാതെ ബസ് മുന്നോട്ടെടുത്തതോടെ വൈദ്യുതലൈനുകൾ ബസിനുമുകളിലേക്ക് പതിക്കുകയായിരുന്നു. ഈസമയം ബസിൽ അൻപതോളം യാത്രക്കാരുണ്ടായിരുന്നു. ശനിയാഴ്ച വൈകീട്ട് ഏഴുമണിയോടെയായിരുന്നു സംഭവം.
വൈകീട്ട് അഞ്ചുമണിയോടെ പ്രദേശത്തുണ്ടായ ശക്തമായകാറ്റിലും മഴയിലും എച്ച്ടി ലൈനിലേക്കുള്ള വൈദ്യുതപ്രവാഹം നിലച്ചിരുന്നതിനാൽ വൻദുരന്തം ഒഴിവായി. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് മുക്കം അഗ്നിരക്ഷാസേന സ്ഥലത്തെത്തി.
സ്റ്റേഷൻ ഓഫീസർ എം. അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ഓഫീസർ സി. മനോജ്, ഫയർ ഓഫീസർമാരായ എ.വി. പ്രദീപ്കുമാർ, എം. നിസാമുദ്ദീൻ, പി. നിയാസ്, കെ.പി. അജീഷ്, കെ.പി. നിജാസ്, വൈ.പി. ഷറഫുദ്ദീൻ, എൻ.പി. അനീഷ്, എം. സുജിത്ത്, ഹോംഗാർഡുമാരായ പി. ഫിജീഷ്, കെ.എസ്. വിജയകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. കെഎസ്ഇബി സബ് എൻജിനിയർ സുബൈറിന്റെ നേതൃത്വത്തിൽ കെഎസ്ഇബി ജീവനക്കാരും കുന്ദമംഗലം പോലീസും സ്ഥലത്തെത്തിയിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










