മാവൂർ: മാവൂരിൽ പുലിയെ കണ്ടതായി സംശയം ഉയർന്നതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് പരിശോധന നടത്തി. പീടികപ്പാറ റേഞ്ച് ഫോറസ്റ്റ് ഓഫീസിലെയും ആർആർടി സംഘത്തിലെയും ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ഇന്നലെ രാത്രി 9 മണിയോടെ എളമരം കടവിനോട് ചേർന്നുള്ള മാവൂരിലെ ഗ്രാസിം ഫാക്ടറിക്ക് സമീപം പുലിയെ കണ്ടതായി ഒരു യാത്രക്കാരൻ വെളിപ്പെടുത്തിയിരുന്നു. പെരുവയലിൽ നിന്ന് കൂളിമാടിലേക്ക് പോകുകയായിരുന്ന യാത്രക്കാരനാണ് ഗ്രാസിം ഫാക്ടറിക്ക് സമീപം പുലി കടന്നുപോകുന്നത് കണ്ടത്.
പ്രാഥമിക പരിശോധനയിൽ പ്രദേശത്ത് പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്ന കാൽപ്പാടുകളോ നഖങ്ങളുടെ അടയാളങ്ങളോ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. താമരശ്ശേരി പിടികപ്പാറ സെക്ഷൻ ഡെപ്യുട്ടി റേഞ്ച് ഓഫീസർ സുബീർ.പി യുടെ നേതൃത്വത്തിൽ ആർ.ആർ.ടി. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പ്രജീഷ്. പി, ബി.എഫ് ഒ സനോജ് എം, ആർ ആർ ടി ബിനോയി ടി. ആർ. എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
നേരത്തെയും ഗ്രാസിം വളപ്പിൽ പുലിയെ കണ്ടതായി നാട്ടുകാർ പറഞ്ഞിരുന്നു. ആ സമയത്ത് കൂട് സ്ഥാപിച്ചിരുന്നെങ്കിലും പുലിയെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










