ലഖ്നൗ ∙ ഉത്തർപ്രദേശിലെ അംരോഹ ജില്ലയിൽ ഭർതൃവീട്ടുകാർ നിർബന്ധിച്ച് ആസിഡ് കുടിപ്പിച്ചു .തുടർന്ന് 23 കാരിയായ യുവതി മരിച്ചു. ദിദൗലി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കലഖേഡ ഗ്രാമത്തിൽ പർവേസ് എന്ന യുവാവിന്റെ ഭാര്യയെയാണ് ക്രൂരമായി കൊലപ്പെടുത്തിയത് . ഒരു വർഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. സ്ത്രീധനത്തിന്റെ പേരിലായിരുന്നു ആക്രമണം.
10 ലക്ഷം രൂപയും കാറും ആവശ്യപ്പെട്ട് ഭർതൃവീട്ടുകാർ യുവതിയെ നിരന്തരം ഉപദ്രവിച്ചിരുന്നതായി വീട്ടുകാർ പറയുന്നു. ഓഗസ്റ്റ് 11ന്, ഭർതൃ വീട്ടുകാർ യുവതിയെ നിർബന്ധിച്ച് ആസിഡ് കുടിപ്പിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി 17 ദിവസമാണ് ജീവനു വേണ്ടി പോരാടിയത്. വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന യുവതി ഇന്നലെ രാത്രിയോടെയാണ് മരിച്ചത്. യുവതിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പർവേസും വീട്ടുകാരും ഉൾപ്പെടെ ഏഴു പേർക്കെതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതൽ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










