തിരുവനന്തപുരം ∙ കേരളത്തിൽ ഓടുന്ന വന്ദേ ഭാരത് ട്രെയിനുകളിൽ ഗുണനിലവാരമില്ലാത്ത ഭക്ഷണത്തെക്കുറിച്ച് വ്യാപകമായ പരാതികൾ ഉയർന്നിട്ടും, കരാർ റദ്ദാക്കാൻ ദക്ഷിണ റെയിൽവേയ്ക്ക് കഴിഞ്ഞിട്ടില്ല. ഗുണനിലവാരമില്ലാത്ത ഭക്ഷണം നൽകിയെന്ന പരാതിയിൽ കരാറുകാരായ ബ്രാൻദവാൻ ഫുഡ്‌സ് കമ്പനിക്കെതിരെ നടപടിയെടുക്കാൻ ശ്രമിച്ചപ്പോൾ, കരാറുകാരായ കമ്പനി ചെന്നൈ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ നേടി. ഹൈക്കോടതിയിൽ കേസ് തുടരുകയാണ്.
ഭക്ഷണം സംബന്ധിച്ചു ഏറ്റവും കൂടുതൽ പരാതികൾ തിരുവനന്തപുരം–മംഗളൂരു വന്ദേഭാരതിലാണ്. മുൻപ്, കാലാവധി കഴിഞ്ഞ ജൂസ് വിതരണം ചെയ്തത് പരാതിക്കിടയാക്കിയെങ്കിൽ കഴിഞ്ഞ ദിവസം ട്രെയിനിൽ വിതരണം ചെയ്ത പരിപ്പുകറിയിൽ പുഴുവിനെ കണ്ടതാണു പുതിയ പരാതി. ദക്ഷിണ റെയിൽവേ കരാർ നൽകിയ ട്രെയിനുകളായതിനാൽ സോണൽ ഓഫിസ് നടപടിയെടുക്കട്ടെ എന്ന നിലപാടിലാണ് ഡിവിഷനുകൾ.എന്നാൽ ഇന്ത്യൻ റെയിൽവേ കേറ്ററിങ് ആൻഡ് ടൂറിസം കോർപറേഷൻ(ഐആർസിടിസി) തങ്ങളല്ല കരാർ നൽകിയതെന്ന നിലപാടിലാണ്.വന്ദേഭാരതിലെ ഭക്ഷണം മെച്ചപ്പെടുകയും പരാതികൾ കുറയുകയും ചെയ്യുമെന്ന പ്രതീക്ഷയിലാണ് ഐആർസിടിസിയിൽനിന്നു മാറ്റി സോണൽ റെയിൽവേയെ കരാർ നടപടികൾ ഏൽപിച്ചത്. എന്നാൽ, തീരുമാനം ഗുണത്തെക്കാളേറെ ദോഷം ചെയ്തുവെന്നാണു തുടർച്ചയായ പരാതികൾ സൂചിപ്പിക്കുന്നത്.അതെ സമയം പിഴയായി ലക്ഷങ്ങളാണു കരാർ കമ്പനികൾ റെയിൽവേയിൽ അടയ്ക്കുന്നത്.പിഴയടച്ച ശേഷം വീണ്ടും മോശം ഭക്ഷണം നൽകി അധിക ലാഭമെടുക്കാനാണു കമ്പനികൾ ശ്രമിക്കുന്നത്. കേരളത്തിലെ എംപിമാർ നടപടി വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഒന്നും ചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










