കൊച്ചി ∙ ശബരിമല ശ്രീകോവിലിലെ സ്വർണപ്പാളികളുടെ ശാസ്ത്രീയ പരിശോധനയ്ക്കായി സാംപിളുകൾ ശേഖരിക്കാൻ ഹൈക്കോടതി അനുമതി നൽകി. ശബരിമല സ്പെഷൽ കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേകാന്വേഷണ സംഘത്തിന് (എസ്ഐടി) അനുമതി നൽകിയത്.
ഈ മാസം 17-ന് ഉച്ചപൂജയ്ക്കു ശേഷം സാംപിള്‍ ശേഖരിക്കണമെന്നതാണ് കോടതിയുടെ നിർദേശം. ശ്രീകോവിലിലെ കട്ടിളപ്പാളികൾ, ദ്വാരപാലക ശിൽപങ്ങൾ, വാതിൽപ്പാളികൾ എന്നിവയിൽ നിന്ന് സ്വർണപ്പാളികൾ അഴിച്ചെടുത്ത് പിന്നീട് വീണ്ടും സ്വർണം പൂശിയതാണെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
സ്വർണനഷ്ടത്തിന്റെ അളവ് വ്യക്തമാക്കുന്നതിനായി ശാസ്ത്രീയ പരിശോധന ആവശ്യമാണ് എന്ന് എസ്ഐടി കോടതിയെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ മണ്ഡലകാലത്തിനായി നട തുറക്കുന്നതിന് മുൻപായി, നവംബർ 15-നു മുമ്പ് പരിശോധന പൂർത്തിയാക്കാൻ കോടതി നിർദേശം നൽകി.
2019-ൽ സ്വർണം പൂശിയ ദ്വാരപാലക ശിൽപങ്ങൾ, വാതിൽപ്പാളികൾ തുടങ്ങിയവയുടെ സാംപിളുകൾ ശേഖരിക്കണമെന്നതോടൊപ്പം, 1998-ൽ വിജയ് മല്യയുടെ യുബി ഗ്രൂപ്പ് സ്വർണം പൊതിഞ്ഞ ഭാഗങ്ങളിൽ നിന്നുമുള്ള സാംപിളുകളും പരിശോധിക്കണമെന്ന് എസ്ഐടി ആവശ്യപ്പെട്ടിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










