ചെന്നൈ ∙ റേഷൻ കടകൾ വഴി സാനിറ്ററി നാപ്കിനുകൾ സൗജന്യമായോ സബ്സിഡി നിരക്കിലോ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപ്പര്യ ഹർജിയിൽ (പിഐഎൽ) മദ്രാസ് ഹൈക്കോടതി തമിഴ്നാട് സർക്കാരിന്റെ പ്രതികരണം തേടി. ഡിസ്പോസിബിൾ സാനിറ്ററി പാഡുകൾ വാങ്ങുന്നതിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം മിക്ക സ്ത്രീകളും പെൺകുട്ടികളും വൃത്തിഹീനമായ ആർത്തവ രീതികൾ പിന്തുടരുന്നുണ്ടെന്നും അതിനാൽ ന്യായവില കടകൾ വഴി അവ വിതരണം ചെയ്യണമെന്നും ചൂണ്ടിക്കാട്ടി അഭിഭാഷക ലക്ഷ്മി രാജ കോടതിയെ സമീപിച്ചു.
ഓരോ കുടുംബത്തിനും പിഡിഎസ് വഴി പ്രതിമാസം കുറഞ്ഞത് 25 ഡിസ്പോസബിൾ സാനിറ്ററി പാഡുകളെങ്കിലും നൽകേണ്ടത് അത്യാവശ്യമാണെന്ന് ഹർജിക്കാരി പറഞ്ഞു. ഡിസംബർ 16നുള്ളിൽ മറുപടി നൽകാനാണു കോടതി ആവശ്യപ്പെട്ടത്. ചീഫ് ജസ്റ്റിസ് മനീന്ദ്ര മോഹൻ ശ്രീവാസ്തവ, ജസ്റ്റിസ് ജി. അരുൾ മുരുഗൻ എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
ആർത്തവ ആരോഗ്യത്തിന്റെ പ്രാധാന്യവും ആർത്തവകാല ശുചിത്വവും പ്രത്യുൽപ്പാദന ആരോഗ്യവും കൈവരിക്കേണ്ടതിന്റെ ആവശ്യകതയും ഊന്നിപ്പറഞ്ഞാണ് ഹർജി. കൗമാരക്കാരായ പെൺകുട്ടികളുടെയും സ്ത്രീകളുടെയും ആർത്തവ ശുചിത്വ ആവശ്യങ്ങളിൽ സ്വയം സംരക്ഷണം ഉൾപ്പെടുന്നുവെന്നും അതിനായി താങ്ങാനാകുന്നതും ഫലപ്രദവുമായ സാമഗ്രികളുടെ ലഭ്യത, വെള്ളം, ശുചിത്വം ഉൾപ്പെടെയുള്ള സൗകര്യപ്രദമായ സേവനങ്ങൾ എന്നിവ നൽകണമെന്നും ഹർജിയിൽ പറയുന്നു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










