കൊച്ചി∙ കോന്തുരുത്തി പള്ളിക്കു സമീപത്തെ വീട്ടുവളപ്പിൽ സ്ത്രീയുടെ ജഡം ചാക്കുകൊണ്ട് മൂടിയ നിലയിൽ കണ്ടെത്തി. ജോർജ് എന്ന വ്യക്തിയുടെ വീട്ടു വളപ്പിലാണ് മൃതദേഹം കണ്ടെത്തിയത്. സൗത്ത് പൊലീസ് സ്ഥലത്തെത്തി. മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ ജോർജ് മദ്യലഹരിയിലായിരുന്നെന്ന് നാട്ടുകാർ പറയുന്നു. വെളുപ്പിനെ ആറരയോടെ മാലിന്യശേഖരണത്തിന് എത്തിയ ഹരിതകർമ സേനയിൽപ്പെട്ട സ്ത്രീയാണ് മൃതദേഹം ആദ്യം കണ്ടത്. സമീപം ജോർജ് മതിലിൽ ചാരിയിരുന്ന് ഉറങ്ങുന്നുണ്ടായിരുന്നു. തന്നെ ഒന്ന് പിടിച്ച് എഴുന്നേൽപ്പിക്കാമോയെന്ന് ജോർജ് ചോദിച്ചെന്നാണ് ഹരിത കർമസേനാംഗം പറയുന്നത്. അവർ ഉടൻ തന്നെ കൗൺസിലറെ വിവരമറിയിക്കുകയായിരുന്നു. സംഭവത്തിൽ ജോർജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ജോർജിന്റെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെയും പൊലീസ് ചോദ്യം ചെയ്യുകയാണ് വെളുപ്പിന് നാലരയോടെ ജോർജ് ചാക്ക് അന്വേഷിച്ച് അയൽവീടുകളിൽ ചെന്നിരുന്നു. നായ ചത്തു കിടപ്പുണ്ടെന്നും ഇതിനെ മൂടാനാണ് എന്നുമാണ് ജോർജ് പറഞ്ഞത്. എന്നാൽ ഇവിടെ നിന്ന് ചാക്കു കിട്ടിയില്ല. തുടർന്ന് സമീപത്തെ ഒരു കടയിലെത്തി അവിടെ നിന്ന് രണ്ടു ചാക്ക് ശേഖരിച്ചു. ഇതാണ് മൃതദേഹം മൂടാനായി ഉപയോഗിച്ചത് എന്നാണ് കരുതുന്നത്.സ്ത്രീ മലയാളിയല്ലെന്നും മുൻപ് കണ്ടിട്ടില്ലെന്നും നാട്ടുകാർ പറഞ്ഞു. ‘‘ ജോർജ് കുറേകാലമായി ഇവിടെ താമസിക്കുന്നുണ്ട്. ഭാര്യ അവരുടെ വീട്ടിലാണ്. മക്കൾ സ്ഥലത്തില്ല. വെളുപ്പിന് ഒച്ചകേട്ടതായി വാടകയ്ക്കു താമസിക്കുന്ന ആൾ പറഞ്ഞു’’–നാട്ടുകാരിലൊരാൾ മാധ്യമങ്ങളോട് പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










