തിരുവനന്തപുരം ∙ സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള തിയറ്ററുകളിലെ സിസിടിവി ദൃശ്യങ്ങൾ ചോർന്ന് അശ്ലീല വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ച സംഭവത്തിൽ സൈബർ സെൽ അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയറ്ററുകളിലെ ദൃശ്യങ്ങളാണ് ചോര്‍ന്നിരിക്കുന്നത്. സംഭവത്തിൽ ആഭ്യന്തര അന്വേഷണം തുടങ്ങിയതായി കെഎസ്എഫ്ഡിസിയും സ്ഥിരീകരിച്ചു.
തിയറ്ററുകളിൽ സിനിമ കാണാനെത്തിയ സ്ത്രീ–പുരുഷന്മാർ ഒന്നിച്ചിരിക്കുന്ന ദൃശ്യങ്ങളാണ് പണമടച്ച് മാത്രം കാണാവുന്ന സൈറ്റുകളിൽ പ്രത്യക്ഷപ്പെട്ടത്. സിസിടിവി സംവിധാനത്തിൽ ഹാക്കിങ് നടക്കുന്നുണ്ടോ, അല്ലെങ്കിൽ ചില ജീവനക്കാരുടെ ഭാഗത്ത് നിന്നുള്ള ചോർച്ചയോ എന്നതാണ് പൊലീസ് പരിശോധിക്കുന്നത്.
ചോർന്ന ദൃശ്യങ്ങളിലുള്ള സീറ്റുകളിൽ കെഎസ്എഫ്ഡിസിയുടെ ലോഗോയും വ്യക്തമായി കാണപ്പെടുന്നു. ആളൊഴിഞ്ഞ തിയറ്ററിലുണ്ടായ ചില സ്വകാര്യ ഇടപെടലുകളുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഇത്തരത്തിലുള്ള ചോർച്ചാ വിഡിയോകൾ 20,000 രൂപ വരെ വാങ്ങുന്നവരുണ്ടെന്നാണ് റിപ്പോർട്ടുകൾ. നൂറുകണക്കിന് വിഡിയോകൾ പുറത്തുവന്നിട്ടുണ്ടെന്നും, ചില വിഡിയോ ‘എക്സ്’ പ്ലാറ്റ്ഫോമിൽ പോസ്റ്റ് ചെയ്ത ശേഷം കൂടുതൽ ദൃശ്യങ്ങൾക്ക് ടെലഗ്രാം ചാനൽ സന്ദർശിക്കണമെന്ന് സൂചന നൽകിയിരിക്കുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.
സൈബർ സെല്ലും കെഎസ്എഫ്ഡിസും ചേർന്ന് ഉറവിടം കണ്ടെത്താനും ഉത്തരവാദികളായവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനുമായി അന്വേഷണം തുടരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










