ചെന്നൈ: അടുത്ത വർഷം തമിഴ്‌നാട്, പുതുച്ചേരി നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, തമിഴ്‌നാട് വെട്രി കഴകം പ്രസിഡന്റും നടനുമായ വിജയ് രാഷ്ട്രീയ ‘പുനർപ്രവേശന’ത്തിന് തയ്യാറെടുക്കുന്നു. കരൂർ ദുരന്തത്തിന് ശേഷമുള്ള ആദ്യ പൊതു റാലി ഇന്ന് പുതുച്ചേരിയിൽ നടക്കും. റോഡ് ഷോയ്ക്ക് ആദ്യം പുതുച്ചേരി പൊലീസ് അനുമതി നിഷേധിച്ചിരുന്നു. എന്നാൽ കർശന നിബന്ധനകളോടെ അവസാന നിമിഷം വിജയ്‌യുടെ റാലിക്ക് അനുമതി നൽകുകയായിരുന്നു. അതെ സമയം സെപ്റ്റംബറിൽ 41 പേരുടെ മരണത്തിനിടയാക്കിയ കരൂർ ദുരന്തത്തിന് ശേഷം രാഷ്ട്രീയ പൊതുയോഗത്തിൽനിന്നു വിട്ടുനിന്നിരുന്ന വിജയ്, പുതുച്ചേരി യോഗത്തിൽ ഡിഎംകെ സർക്കാരിനെതിരെ ആഞ്ഞടിച്ചേക്കും.ബസിനു മുകളിൽ നിന്ന് വിജയ് പ്രവർത്തകരോട് സംസാരിക്കുമെന്നാണ് സൂചന. ഇതിനായി പ്രത്യേകം തയാറാക്കിയ ബസ് ചെന്നൈയിൽ നിന്ന് പുറപ്പെട്ടു.
5,000 പേർക്ക് മാത്രമേ റാലിയിൽ പങ്കെടുക്കാൻ പുതുച്ചേരി പൊലീസ് അനുമതി നൽകിയിട്ടുള്ളൂ. ക്യുആർ കോഡ് വഴി ക്ഷണം ലഭിച്ചവർക്ക് മാത്രമായിരിക്കും പ്രവേശനം. എന്നാൽ തമിഴ്‌നാട്ടിൽ നിന്നുള്ളവർക്ക് റാലിയിലേക്ക് പ്രവേശനം ലഭിക്കില്ല തുടങ്ങിയ നിബന്ധനകളാണ് പുതുച്ചേരി പൊലീസ് മുന്നോട്ടുവച്ചിരിക്കുന്നത്.കുടിവെള്ളം, ശുചിമുറികൾ, ആംബുലൻസുകൾ, മറ്റ് സുരക്ഷാ സൗകര്യങ്ങൾ എന്നിവയും ടിവികെ ഉറപ്പാക്കണമെന്ന് പൊലീസ് നിർദേശിച്ചിട്ടുണ്ട്. ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, പ്രായമായവർ എന്നിവർക്ക് റാലിയിലേക്ക് പ്രവേശനം ലഭിക്കില്ല. കെട്ടിടങ്ങൾ, മേൽക്കൂരകൾ, മരച്ചില്ലകൾ, ട്രാൻസ്‌ഫോർമറുകൾ എന്നിവയ്ക്കു മുകളിൽ കയറരുതെന്നും വിജയ്‌യുടെ വാഹനത്തെ പിന്തുടരരുതെന്നും പാർട്ടി പ്രവർത്തകർക്കും അനുയായികൾക്കും പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാവിലെ 11 മണി മുതൽ ഉച്ചക്ക് 12:30 വരെയാണ് റാലി നടത്താൻ വിജയ്ക്ക് അനുമതി നൽകിയിരിക്കുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










