ന്യൂഡൽഹി: മണിപ്പുരിൽ ഏർപ്പെടുത്തിയിരുന്ന രാഷ്ട്രപതി ഭരണം പിൻവലിച്ചു. ഇതുസംബന്ധിച്ച വിജ്ഞാപനം കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്ന് പുറത്തിറക്കി. ഒരു വർഷം പൂർത്തിയാകാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെയാണ് രാഷ്ട്രപതി ഭരണം അവസാനിപ്പിച്ചത്. ഇതോടെ സംസ്ഥാനത്ത് പുതിയ സർക്കാർ ഉടൻ അധികാരമേൽക്കും.
രാഷ്ട്രപതി ഭരണത്തിനുശേഷം മണിപ്പൂരിൽ സർക്കാർ രൂപവത്കരിക്കുന്നതിനുള്ള നീക്കങ്ങൾ ബിജെപി ആരംഭിച്ചിരുന്നു. ബിജെപി നേതാവായ യുംനം ഖേംചന്ദ് സിങ് പുതിയ മുഖ്യമന്ത്രിയാകും. കഴിഞ്ഞ ദിവസം ഡൽഹിയിൽ ചേർന്ന യോഗത്തിലാണ് ഖേംചന്ദ് സിങ്ങിനെ ബിജെപി നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തത്. തുടർന്ന് ബുധനാഴ്ച അദ്ദേഹം സർക്കാർ രൂപവത്കരിക്കാനുള്ള അവകാശവാദവുമായി ഗവർണറെ കണ്ടു.
കുക്കി വിഭാഗത്തിൽ നിന്നുള്ള വനിതാ നേതാവും മുൻ മന്ത്രിയുമായ നെംചാ കിപ്ജെൻ പുതിയ ഉപമുഖ്യമന്ത്രിയാകും. 2017-ലും 2022-ലും നിയമസഭാംഗമായിരുന്ന യുംനം ഖേംചന്ദ് സിങ്, 2017-ൽ നിയമസഭാ സ്പീക്കറായും 2022-ലെ എൻ. ബിരേൻ സിങ് സർക്കാരിൽ മന്ത്രിയായും പ്രവർത്തിച്ചിരുന്നു.
വംശീയ കലാപങ്ങളുടെ പശ്ചാത്തലത്തിൽ 2025 ഫെബ്രുവരി 9-നാണ് അന്നത്തെ മുഖ്യമന്ത്രി എൻ. ബിരേൻ സിങ് രാജിവെച്ചത്. ഇതിന് പിന്നാലെ ഫെബ്രുവരി 13-ന് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി. രാഷ്ട്രപതി ഭരണം നിലവിൽ വന്നിരുന്നെങ്കിലും നിയമസഭ പിരിച്ചുവിട്ടിരുന്നില്ല.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










