മലയാള സിനിമയുടെ വിപണി കഴിഞ്ഞ വർഷങ്ങളിലായി വൻ വളർച്ചയാണ് രേഖപ്പെടുത്തുന്നത്. പ്രത്യേകിച്ച് ഓവർസീസ് മാർക്കറ്റിലെ ഉയർച്ചയും ഒടിടി പ്ലാറ്റ്‌ഫോമുകളുടെ സ്വാധീനവും മലയാള സിനിമകൾക്ക് പുതിയ പ്രേക്ഷകവൃന്ദം സമ്മാനിച്ചു. ഇതോടെ മറ്റു ഭാഷകളിലെ പ്രേക്ഷകരും ഇന്ന് മലയാള ചിത്രങ്ങൾ തിയറ്ററുകളിൽ കാണാൻ എത്തുന്ന സാഹചര്യമാണ്.ഈ പശ്ചാത്തലത്തിൽ ശ്രദ്ധേയമാകുന്നത് ജയസൂര്യയെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ‘ആട് 3’യാണ്. റിലീസ് ദിനത്തിൽ തന്നെ വലിയ ബജറ്റ് തെലുങ്ക് ചിത്രം ‘ഉസ്താദ് ഭഗത് സിംഗ്’നൊപ്പം തിയറ്ററിലെത്തിയ ഈ ചിത്രം ടിക്കറ്റ് സെയിലിലും ഓവർസീസ് കളക്ഷനിലും മികച്ച മുന്നേറ്റമാണ് കാഴ്ചവെച്ചത്.
പവൻ കല്യാണിനെ നായകനാക്കി ഹരീഷ് ശങ്കർ സംവിധാനം ചെയ്ത ‘ഉസ്താദ് ഭഗത് സിംഗ്’ കൂടുതൽ തിയറ്ററുകളിൽ റിലീസ് ചെയ്തിട്ടും ബുക്ക് മൈ ഷോയിലെ ദിവസേന ടിക്കറ്റ് വിൽപ്പനയിൽ പലപ്പോഴും ‘ആട് 3’ മുന്നിലെത്തി. റിലീസ് കഴിഞ്ഞ ഞായറാഴ്ച ‘ഉസ്താദ് ഭഗത് സിംഗ്’ 84,000 ടിക്കറ്റുകൾ വിറ്റപ്പോൾ ‘ആട് 3’ 1.48 ലക്ഷം ടിക്കറ്റുകൾ വിറ്റത് ശ്രദ്ധേയമായി.എന്നാൽ ഇന്ത്യയിലെ മൊത്തം തിയറ്റർ കളക്ഷനിൽ ‘ഉസ്താദ് ഭഗത് സിംഗ്’ മുന്നിലാണ്. ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൾ പ്രകാരം ‘ആട് 3’ ഇന്ത്യയിൽ നിന്ന് ഏകദേശം 31.25 കോടി രൂപ നേടിയപ്പോൾ ‘ഉസ്താദ് ഭഗത് സിംഗ്’ 71.15 കോടി രൂപ നേടി.അതേസമയം ഓവർസീസ് ഉൾപ്പെടുന്ന ആഗോള ബോക്സ് ഓഫീസിൽ ‘ആട് 3’ മുന്നിലാണ്. ‘ഉസ്താദ് ഭഗത് സിംഗ്’ ആകെ 80.75 കോടി രൂപ നേടിയപ്പോൾ ‘ആട് 3’ 85 കോടി രൂപ പിന്നിട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ബജറ്റിലെ വലിയ വ്യത്യാസവും ഈ താരതമ്യത്തെ ശ്രദ്ധേയമാക്കുന്നു. ‘ഉസ്താദ് ഭഗത് സിംഗ്’ ഏകദേശം 150 കോടി രൂപ ചെലവിൽ നിർമ്മിച്ചപ്പോൾ ‘ആട് 3’യുടെ ബജറ്റ് 65 കോടി രൂപയാണെന്നാണ് റിപ്പോർട്ടുകൾ. കുറഞ്ഞ ബജറ്റിൽ കൂടുതൽ വരുമാനം നേടിയ ചിത്രം എന്ന നിലയിൽ ‘ആട് 3’ ഇപ്പോൾ സിനിമാ ലോകത്ത് ചർച്ചയാകുകയാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










