തവനൂർ: വിഭജന രാഷ്ട്രീയത്തിന്റെയും വർഗീയ പ്രചാരണങ്ങളുടെയും പുകമറകളെ തകർത്തെറിഞ്ഞ് തവനൂരിൽ വി.എസ്. ജോയി നേടിയ ചരിത്രവിജയം കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ പുതിയൊരു അധ്യായം കുറിക്കുന്നു. വെറും ഒരു ശതമാനത്തിൽ താഴെ മാത്രം ക്രിസ്ത്യൻ ജനവിഭാഗമുള്ള മണ്ഡലത്തിൽ, ഒരു പന്തക്കോസ്ത് വിശ്വാസിയായ സ്ഥാനാർത്ഥിയെ നെഞ്ചേറ്റിയ മുസ്‌ലിം-ഹിന്ദു സമുദായങ്ങളുടെ നിലപാട്, ‘കേരള സ്റ്റോറി’ പോലുള്ള പ്രൊപ്പഗണ്ടകൾക്ക് മലയാളി നൽകിയ ഏറ്റവും വലിയ മറുപടിയാണ്.
ഈ വിജയത്തിന്റെ പിന്നിലെ ഏറ്റവും വലിയ ചാലകശക്തി മുസ്‌ലിം സമുദായത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത ഇച്ഛാശക്തിയും അവരുടെ കലർപ്പില്ലാത്ത മതനിരപേക്ഷ ചിന്തയുമാണ്. തിരുവമ്പാടി പോലുള്ള ക്രൈസ്തവ ഭൂരിപക്ഷ മണ്ഡലങ്ങളിൽ സഭാ തർക്കങ്ങൾ മൂലം പരാജയം ഭയന്നേക്കാമെന്ന സാഹചര്യത്തിലാണ് വി.എസ്. ജോയി തവനൂരിലേക്ക് നിയോഗിക്കപ്പെടുന്നത്. എന്നാൽ, മുസ്‌ലിം ലീഗിലും ആ സമുദായത്തിലുമുള്ള അചഞ്ചലമായ വിശ്വാസമാണ് ജോയിയെ തവനൂരിലേക്ക് നയിച്ചത്. മുസ്‌ലിം സമുദായം തന്നെ ചതിക്കില്ലെന്ന അദ്ദേഹത്തിന്റെ വിശ്വാസം കാത്തുസൂക്ഷിച്ചുകൊണ്ട്, മുസ്‌ലിം ലീഗ് ഈ പ്രചാരണത്തെ മുന്നിൽ നിന്ന് നയിച്ചു എന്നത് ഈ വിജയത്തിന്റെ തിളക്കം കൂട്ടുന്നു.
തങ്ങളുടെ സമുദായത്തിൽ പെട്ട ഒരാളെ തന്നെ പ്രതിനിധിയായി വേണമെന്ന ഇടുങ്ങിയ ചിന്താഗതിക്ക് അപ്പുറം, നന്മയുള്ള ഒരു സാമൂഹിക പ്രവർത്തകനെ മതഭേദമന്യേ സ്വീകരിക്കാൻ തവനൂരിലെ മുസ്‌ലിം സഹോദരങ്ങൾ കാണിച്ച ആർജ്ജവം വിസ്മയിപ്പിക്കുന്നതാണ്. 2006-ൽ പി.കെ. കുഞ്ഞാലിക്കുട്ടിയെ പരാജയപ്പെടുത്തി രാഷ്ട്രീയ ജീവിതം തുടങ്ങിയ കെ.ടി. ജലീലിനെ, അദ്ദേഹത്തിന്റെ തന്നെ കോട്ടയിൽ തളയ്ക്കാൻ വോട്ടർമാരെ പ്രേരിപ്പിച്ചത് ഈ മതനിരപേക്ഷ ബോധമാണ്.
അന്തരിച്ച യു.ഡി.എഫ് നേതാവ് വി.വി. പ്രകാശിന് ശേഷം മണ്ഡലം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തിൽ വി.എസ്. ജോയിയെ മുന്നിൽ നിർത്തി മുസ്‌ലിം സമുദായം നടത്തിയ ഈ പരീക്ഷണം വിജയിക്കുമ്പോൾ, അത് യു.ഡി.എഫിന് ആഴത്തിൽ പഠിക്കാനുള്ള ഒരു പാഠം കൂടിയാണ്. കോൺഗ്രസ്-ലീഗ് ബന്ധം താഴെത്തട്ടിൽ അത്രമേൽ ദൃഢമാക്കുന്നതിൽ ജോയി കാണിച്ച ‘മാജിക്’ തന്നെയാണ് തവനൂരിലെ ഈ അട്ടിമറി വിജയത്തിന്റെ അടിസ്ഥാനം. വരുംകാല രാഷ്ട്രീയത്തിൽ സ്നേഹത്തിന്റെയും ഒത്തൊരുമയുടെയും വലിയൊരു മാതൃകയായി തവനൂർ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടും.
അമീൻ മുഹമ്മദ്
(ഏഷ്യൻ ഗ്രാഫ് സ്പെഷ്യൽ കറസ്പോണ്ടൻ്റ്)
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










